56ൽ 30 ഇടത്തും വിജയം; രാജ്യസഭയിൽ എൻഡിഎ ഭൂരിപക്ഷത്തിന് കുറവ് 4 സീറ്റ് മാത്രം
Mail This Article
ന്യൂഡൽഹി∙ രാജ്യസഭ തിരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽ ജയിച്ചതോടെ, ഭൂരിപക്ഷത്തിനു ബിജെപിക്ക് ഇനി വേണ്ടത് 4 സീറ്റ് മാത്രം. 240 അംഗ രാജ്യസഭയിൽ 121 ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഏപ്രിലിൽ ഒഴിവുവരുന്ന 56 സീറ്റിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിലാണ് 30 സീറ്റുകളിൽ ബിജെപി വിജയിച്ചത്. ഇതിൽ 20 സീറ്റിൽ എതിരില്ലാതെയും 10 സീറ്റിൽ തിരഞ്ഞെടുപ്പിലൂടെയുമാണ് ബിജെപി പ്രതിനിധികളെ തിരഞ്ഞെടുത്തത്. ഇതോടെ രാജ്യസഭയിൽ എൻഡിഎ സഖ്യത്തിന്റെ അംഗബലം 117 ആയി.
Read also: ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് കോൺഗ്രസ് മുദ്രാവാക്യം വിളിച്ചെന്ന് ബിജെപി; വിളിച്ചത് ‘നസീർ സാബ് സിന്ദാബാദ്
എൻഡിഎയുടെ 117 എംപിമാരിൽ 97 പേരും ബിജെപിയിൽനിന്നുള്ളതാണ്. ഇതോടെ രാജ്യസഭയിൽ ഏറ്റവും ഭൂരിപക്ഷമുള്ള പാർട്ടിയായി ബിജെപി തുടരും. 97 അംഗങ്ങളിൽ അഞ്ചു പേർ നാമനിർദേശത്തിലൂടെ എത്തിയവരാണ്. കോൺഗ്രസിന് 29 എംപിമാരാണുള്ളത്.
കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലായി 15 സീറ്റുകളിലേക്കാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്. ക്രോസ് വോട്ടിങ്ങിലൂടെ നാടകീയമായ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളാണ് ബിജെപി നേടിയത്. മൂന്നു സീറ്റുകൾ കോൺഗ്രസും രണ്ടു സീറ്റ് സമാജ്‍വാദി പാർട്ടിയും നേടി. നേരത്തെയുണ്ടായിരുന്നതിനേക്കാൾ രണ്ടു സീറ്റ് ബിജെപിക്ക് അധികം ലഭിച്ചു, ഒന്ന് ഉത്തർപ്രദേശിൽനിന്നും മറ്റൊന്ന് ഹിമാചലിൽനിന്നും.
ഹിമാചലിൽ കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജനു വോട്ട് ചെയ്തതോടെ, കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിത തോൽവി നേരിട്ടു. ഇരു സ്ഥാനാർഥികൾക്കു 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി വിജയിച്ചത്.
യുപിയിലെ 10 സീറ്റിൽ ബിജെപി 8 എണ്ണം നേടി. സമാജ് വാദി പാർട്ടിക്ക് 2 സീറ്റ്. പത്താം സീറ്റിൽ ബിജെപിയും എസ്പിയും തർക്കമുന്നയിച്ചതോടെ പലതവണ നിർത്തിവച്ച വോട്ടെണ്ണലിന്റെ ഫലം രാത്രി വൈകിയാണ് പ്രഖ്യാപിച്ചത്. ഈ സീറ്റിലേക്ക് എസ്പിയുടെ ആലോക് രഞ്ജനും ബിജെപിയുടെ സഞ്ജയ് സേത്തും തമ്മിലുള്ള മത്സരത്തിൽ എസ്പിയുടെ 7 എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതോടെ ബിജെപി വിജയമുറപ്പിച്ചു.
കർണാടകയിലെ 4 രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസ് മൂന്നും ബിജെപി ഒന്നും വീതം നേടി. ഒരു ബിജെപി എംഎൽഎ കൂറുമാറി കോൺഗ്രസിന് വോട്ടു ചെയ്തപ്പോൾ മറ്റൊരു ബിജെപി എംഎൽഎ വിട്ടുനിന്നു. ഇതോടെ എൻഡിഎയുടെ അട്ടിമറിനീക്കവും വിഫലമായി.