ഹിമാചലിൽ വിമതരോടു വിട്ടുവീഴ്ച വേണ്ടെന്ന് കോൺഗ്രസ്; 6 എംഎൽഎമാരെ അയോഗ്യരാക്കി
Mail This Article
ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ പൊട്ടിത്തെറിക്കൊടുവിൽ ആറു കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി സ്പീക്കർ. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്ത ആറു കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, ചേതന്യ ശർമ, രവി ഠാക്കൂർ എന്നിവര്‍ക്കെതിരെയാണു നടപടി.
‘‘കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറു എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു’’ എന്നാണ് സ്പീക്കര്‍ കുൽദീപ് സിങ് പതാനിയ പറഞ്ഞത്. മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയെ പിന്തുണയ്ക്കുന്നവരും പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരുമാണു ഹിമാചലിലെ വിമത നീക്കത്തിനു പിന്നിൽ. കോൺഗ്രസിനു ഉറച്ചപിന്തുണയുള്ള സംസ്ഥാനത്ത് പാർട്ടിയുടെ ആറ് എംഎൽഎമാരും മൂന്നു സ്വതന്ത്രന്മാരും കൂറുമാറിയതു കാരണം രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായ മനു അഭിഷേക് സിങ്‍വി പരാജയപ്പെട്ടിരുന്നു.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ ഷിംലയിലേക്ക് അയച്ചാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി ശമിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. സമവായശ്രമങ്ങൾ നടക്കുമ്പോഴും പാർട്ടിക്കെതിരെ നിലപാടു സ്വീകരിച്ച വിമതർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകാനാണു തീരുമാനം. അതിന്റെ ഭാഗമായാണ് ആറ് എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി പുറത്തുവന്നിരിക്കുന്നത്.