ADVERTISEMENT

മുംബൈ∙ വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. ന്യൂയോർക്കിൽനിന്ന് ഫെബ്രുവരി 12ന് മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ എൺപതുകാരനാണ് വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. 

Read More: വീല്‍ചെയര്‍ കിട്ടിയില്ല; വിമാനത്തില്‍നിന്ന്‌ ടെര്‍മിനലിലേക്ക് നടന്ന 80കാരന്‍ കുഴഞ്ഞുവീണു മരിച്ചു.

വീൽചെയർ കുറവായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യക്കാണ് വിമാന ജീവനക്കാർ ആദ്യം വീൽചെയർ നൽകിയത്. മറ്റൊരു വീൽചെയർ ശരിയാകുന്നതുവരെ വയോധികനോട് വിമാനത്തിൽ കാത്തിരിക്കാൻ ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭാര്യക്കൊപ്പം ടെർമിനലിലേക്കു നടക്കാനായിരുന്നു യാത്രക്കാരന്റെ തീരുമാനം. വീൽചെയർ ഇല്ലാതെ ടെർമിനലിലേക്കു നടന്ന ഇദ്ദേഹം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

സംഭവത്തിൽ ഡിജിസിഎ എയർ ഇന്ത്യയോട് ഏഴുദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. എയർ ഇന്ത്യ നൽകിയ വിശദീകരണത്തിൽനിന്ന് വിമാനക്കമ്പനിയുടെ നടപടി 1937–ലെ എയർക്രാഫ്റ്റ് നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നു കണ്ടെത്തിയ ഡിജിസിഎ വിമാനക്കമ്പനിക്കു പിഴ വിധിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായവർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും വീൽചെയർ സൗകര്യം ഏർപ്പെടുത്തേണ്ടതു വിമാനക്കമ്പനിയാണ്. 

സംഭവത്തെ തുടർന്ന് മതിയായ വീൽചെയർ നിർബന്ധമായും ഒരുക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. 

English Summary:

DGCA imposed a penalty of 30 lakhs on Air India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com