ഗാസയിൽ ഭക്ഷണം എടുക്കാൻ എത്തിയവർക്ക് നേരേ ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പ്; 104 മരണം
Mail This Article
ജറുസലം∙ ഗാസ സിറ്റിയിൽ സഹായ വിതരണകേന്ദ്രത്തിനു സമീപം കാത്തുനിന്ന പലസ്തീനികളുടെ നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 104 പേർ മരിച്ചു. എഴുന്നൂറിലധികം പേർക്ക് പരുക്കേറ്റതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിക്കു സമീപം അവശ്യസാധനങ്ങൾ എത്തിക്കുന്ന ട്രക്കിൽനിന്നു സാധനങ്ങൾ എടുക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Read also: ഗാസയിൽ വെടിനിർത്തൽ സൂചന നൽകി ഹമാസും; ഗാസയിൽ പട്ടിണി മൂലം രണ്ടു ശിശുക്കൾ മരിച്ചു
‘‘സഹായം നിറച്ച ട്രക്കുകൾ പ്രദേശത്തുണ്ടായിരുന്ന ചില സൈനിക ടാങ്കുകൾക്ക് വളരെ അടുത്ത് വന്നു, ആയിരക്കണക്കിന് ആളുകൾ ട്രക്കുകളിലേക്ക് ഇരച്ചുകയറി.’’– ദൃക്സാക്ഷി പറഞ്ഞു. ടാങ്കുകൾക്ക് സമീപം ആളുകൾ വന്നതോടെയാണ് സൈന്യം വെടിയുതിർത്തത്.
സൈന്യം ആക്രമിച്ച കാര്യം ഇസ്രയേൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജനക്കൂട്ടം ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രതികരിച്ചതിനെ തുടർന്നാണ് വെടിയുതിർക്കേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കി. ആൾക്കൂട്ടം ട്രക്ക് നശിപ്പിക്കാൻ ശ്രമിച്ചെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. സഹായവുമായി എത്തിയ ട്രക്ക് ആളുകൾ വളയുകയും വിതരണം ചെയ്യുന്നതിനായി എത്തിച്ച സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തെന്നായിരുന്നു ഇസ്രയേൽ ൈസന്യത്തിന്റെ ആദ്യ പ്രതികരണം. പരുക്കേറ്റവരെ ഗാസയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു.
ഇതോടെ സംഘർഷത്തിൽ മരിച്ച ആകെ പലസ്തീൻകാരുടെ എണ്ണം 30,000 കടന്നതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവശ്യവസ്തുക്കളുടെ ക്ഷാമം ഗാസയിൽ അതിരൂക്ഷമാണ്. ഗാസയിലെ കമാൽ അഡ്വാൻ ആശുപത്രിയിൽ 2 ശിശുക്കൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ചിരുന്നു. ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ അഭയം തേടിയിട്ടുള്ള 13 ലക്ഷം പലസ്തീൻകാരും കടുത്ത ക്ഷാമ ഭീഷണിയിലാണ്.
ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളിൽ ബഹുഭൂരിപക്ഷവും പട്ടിണിയിലാണെന്ന് യുഎൻ വ്യക്തമാക്കി. പോരാട്ടം രൂക്ഷമായ വടക്കൻ മേഖലയിൽ സഹായ വിതരണം ഏതാണ്ട് അസാധ്യമാണ്. പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ കണക്കനുസരിച്ച് ഫെബ്രുവരിയിൽ 2300 സഹായ ട്രക്കുകളാണ് ഗാസയിൽ എത്തിയത്. ജനുവരിയെ അപേക്ഷിച്ച് ഏകദേശം 50 ശതമാനത്തോളം കുറവാണ് ഇത്.