ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ സംഭവങ്ങൾ. എൻസിപി ശരദ് പവാർ വിഭാഗം നേതാവായ ജയന്ത് പാട്ടീൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സന്ദർശിക്കാനെത്തിയതാണ് പുതിയ സംഭവവികാസം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ബംഗ്ലാവിൽ എത്തിയാണ് ഏക്നാഥ് ഷിൻഡെയുമായി ജയന്ത് പാട്ടീൽ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ തന്റെ മണ്ഡ‍ലത്തിന്റെ കാര്യവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മറ്റു രാഷ്ട്രീയ മാനങ്ങൾ ഇല്ലെന്നുമാണ് ജയന്ത് പാട്ടീലിന്റെ വിശദീകരണം. മഹാരാഷ്ട്രയിലെ ഇസ്‌‍ലാംപുരിൽനിന്നുള്ള എംഎൽഎയാണ് ജയന്ത് പാട്ടീൽ.

Read also: ഹൈക്കോടതിയെ സമീപിച്ച് എംഎൽഎമാർ; തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്തെന്ന് ശിവകുമാർ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരെ ശരദ് പവാർ വിരുന്നിനു ക്ഷണിച്ചെന്ന വാർത്തയ്ക്കു പിന്നാലെയാണ് ശരദ് പവാറിന്റെ വിശ്വസ്തനായ ജയന്ത് പാട്ടീൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. മാർച്ച് 2ന് ബാരാമതിയിലെ തന്റെ വസതിയിൽ നടത്തുന്ന വിരുന്നിലേക്കാണ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയെയും ശരദ് പവാർ ക്ഷണിച്ചത്.

മാർച്ച് 2നു ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ കോളജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും എത്തുന്നുണ്ട്. മുഖ്യമന്ത്രിയായശേഷം ആദ്യമായി തന്റെ നാട്ടിലെത്തുന്ന ഏക്നാഥ് ഷിൻഡയെയും ഉപമുഖ്യമന്ത്രിമാരെയും ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു ക്ഷണിക്കുന്നെന്നാണ് ശരദ് പവാർ കത്തിൽ പറയുന്നത്.

എൻസിപിയിലെ പിളർപ്പിന്റെയും അനന്തരവൻ അജിത് പവാറുമായുള്ള ബന്ധം വഷളായതിന്റെയും സാഹചര്യത്തിൽ ശരദ് പവാറിന്റെ നീക്കം അപ്രതീക്ഷിതമാണ്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എ‍ൻസിപി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ ശരദ് പവാറിന്റെ മകളും സിറ്റിങ് എംപിയുമായ സുപ്രിയ സുളെയ്ക്കെതിരെ അജിത് പവാറിന്റെ ഭാര്യ സുനേത്ര മത്സരിച്ചേക്കുമെന്നും റിപ്പോർട്ടു പുറത്തുവന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com