കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി; 22 ജനറൽ സെക്രട്ടറിമാർക്കു പുറമെ 77 സെക്രട്ടറിമാർ
Mail This Article
തിരുവനന്തപുരം∙ കെപിസിസി സെക്രട്ടറിമാരായി 77 പേരെ നിയമിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായിരുന്ന കാലത്തു നിയമിച്ച സെക്രട്ടറിമാരെ തുടരാൻ അനുവദിച്ചു. പുതുതായി ആരെയും ഉൾപ്പെടുത്തിയില്ല. ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം പുതിയ ഭാരവാഹികളെ നിയമിക്കും. നിലവിൽ 22 ജനറൽ സെക്രട്ടറിമാരാണുള്ളത്. ഇതോടെ 106 ഭാരവാഹികളാണ് കെപിസിസിക്ക് ഉണ്ടാവുക. ട്രഷററുടെ പദവി ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്.
Read Also: ഈ തിരഞ്ഞെടുപ്പിന് അവരില്ല: പ്രവർത്തക മനസ്സുകളിൽ ജ്വലിക്കുന്ന ഓർമയായി കോടിയേരിയും ഉമ്മൻ ചാണ്ടിയും
കെ.സുധാകരൻ പ്രസിഡന്റായശേഷം പുതിയ ഡിസിസി പ്രസിഡന്റുമാരെയും കെപിസിസി ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. കെപിസിസി സെക്രട്ടറിമാരെ പുതുതായി നിയമിക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും പ്രഖ്യാപനം നടന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പായതിനാൽ പഴയ കമ്മിറ്റി തുടരാൻ തീരുമാനിക്കുകയായിരുന്നു.
പുതിയ അംഗങ്ങളെ ഉൾപ്പെടുത്താത്തതിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. മുല്ലപ്പള്ളിയുടെ കാലത്തെ ഗ്രൂപ്പ് സമവാക്യങ്ങൾ അനുസരിച്ചുള്ള ആളുകളാണ് 77 സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. എന്നാൽ പുനസംഘടന തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.
കഴിഞ്ഞ മാസം കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചതിലും അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നിരുന്നു. നേതൃത്വവുമായി സഹകരിക്കാത്തവരേയും സമിതിയിൽ ഉൾപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ എല്ലാ വിഭാഗത്തേയും ഉൾപ്പെടുത്താനാണ് ജംബോ കമ്മിറ്റി രൂപീകരിച്ചതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം, പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിനു പിന്നിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പൊലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു.