കേരള സർവകലാശാല കലോത്സവം: ‘ഇൻതിഫാദയെന്ന പേര് അസ്വസ്ഥത ഉളവാക്കുന്നു’; ഹൈക്കോടതിയിൽ ഹർജി
Mail This Article
കൊച്ചി∙ കേരള സർവകലാശാല കലോത്സവത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കലോത്സവത്തിന് ‘ഇൻതിഫാദ’ എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് ഹർജി. കൊല്ലം അഞ്ചൽ സ്വദേശിയായ എ.എസ്. ആഷിഷ് എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പലസ്തീൻ –ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണ് ഇതെന്നും കലോത്സവത്തിന് ഇത്തരം പേര് നൽകരുതെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഈ പേരെന്നും ഇതു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ ഗവർണർ, കേരള സർവകലാശാല വൈസ് ചാൻസിലർ, സർവകലാശാല യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.
ഹർജിയിൽ പറയുന്നത്: ‘‘ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, ദേശഭക്തിഗാനം, ഓട്ടംതുള്ളൽ, ക്വിസ്, ചിത്രരചന തുടങ്ങി അറിയുന്നതും അറിയപ്പെടാത്തതുമായി സംസ്ഥാനത്തെ യുവാക്കൾക്കിടയിലുള്ള കലാ, സാംസ്കാരിക കാര്യങ്ങൾ ഊർജിതപ്പെടുത്തുക എന്നതാണ് കലോത്സവം കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തണത്തെ കലോത്സവത്തിന് നൽകിയിരിക്കുന്ന ‘ഇൻതിഫാദ’ എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ‘തകിടം മറിക്കുക’ എന്നതിന്റെ അറബിക് പദമാണ് ഇൻതിഫാദ. ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ലക്ഷ്യമിട്ട് പലസ്തീനികൾ ഈ പദമുപയോഗിക്കുന്നു. ഇസ്രയേലും പലസ്തീനുമായി ഗാസയിൽ ഉടലെടുത്ത സംഘർഷത്തോട് അനുബന്ധിച്ച് പലസ്തീൻകാർ ഉപയോഗിച്ച വാക്കാണിത്. ഹമാസ് പോലുള്ള തീവ്രവാദ, സായുധ സംഘങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ടു കിടക്കുന്ന പേരാണ് ഇൻതിഫാദ.
ഇസ്രയേലിനു മേൽ പലസ്തീന്റെ സ്കാർഫ് വീണു കിടക്കുന്നതാണ് കലോത്സവ ലോഗോയിലുള്ളത്. ഒരു യുവജനോത്സവം കലാപവുമായോ യുദ്ധവുമായോ ബന്ധപ്പെടുത്തരുത്. യൂത്ത് ഫെസ്റ്റിവലിൽ രാഷ്ട്രീയത്തിനോ ആഗോള രാഷ്ട്രീയത്തിനോ സ്ഥാനമില്ല. ഇസ്രയേൽ–പലസ്തീൻ സംഘർഷമല്ല ഇവിടെ ചർച്ചയാകേണ്ടതും സർഗാത്മകമായി പ്രകടിപ്പിക്കേണ്ടത്. ‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന് ലോഗോയ്ക്കൊപ്പം ചേർത്തിരിക്കുന്നത് ഒരു സാംസ്കാരികോത്സവത്തിന് ഒട്ടും ചേർന്നതല്ല. മറിച്ച് ഇത് വിദ്യാർഥി സമൂഹത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. അവരിൽ നിന്ന് സാഹോദര്യം നഷ്ടമാകും. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ഐക്യം ഇല്ലാതാകും. രാഷ്ട്രപുനർനിര്‍മാണത്തിന് ഇത് തിരിച്ചടിയാകും. പലസ്തീനുമായും ഇസ്രയേലുമായും ഇന്ത്യ മെച്ചപ്പെട്ട ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ ഒരു സര്‍ലകലാശാല യുവജനോത്സവത്തിൽ ഒരു രാജ്യത്തിനുപരിയായി മറ്റൊരു രാജ്യത്തെ തിരഞ്ഞെടുക്കുന്നത് ശരിയല്ല. അതുെകാണ്ട് മാർച്ച് 4 മുതൽ 11 വരെ നടക്കുന്ന യുവജനോത്സവത്തിൽ ഈ ലോഗോയും എഴുത്തും ഉപയോഗിക്കുന്നത് വിലക്കണം.’’
‘ഇൻതിഫാദ’ എന്ന പേരിലാണ് കേരള സർവകലാശാല കലോത്സവം സംഘടിപ്പിക്കുന്നത്. അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായാണ് ഇൻതിഫാദ എന്ന പേര് കലോത്സവത്തിന് നൽകിയത്. എന്നാൽ ഇസ്രയേലിനുനേരേ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാർഥികൾ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനു പരാതി നൽകിയിരുന്നു. ഭീകരസംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. വിവാദത്തിൽ അന്വേഷണം നടത്താൻ റജിസ്ട്രാർക്കു വിസി നിർദേശം നൽകിയിട്ടുണ്ട്.
ഉയർന്ന് വരുന്ന പ്രതിരോധം എന്നാണ് ഇൻതിഫാദ എന്ന വാക്കിന്‍റെ അർഥം എന്നും സർഗാത്മകമായി യൂണിവേഴ്‌സിറ്റി യൂണിയൻ ഉപയോഗിക്കാനുള്ള പേരിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് ഡിഎസ്‌എസ് റജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ട്. മാർച്ച് 7 മുതൽ 11 വരെ പാളയം യൂണിവേഴ്‌സിറ്റി കോളജിലാണ് സർവകലാശാല കലോത്സവം നടക്കുക.
എസ്എഫ്ഐ ആഗോള ഭീകരവാദ സംഘടനകളെ മാതൃകയാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ് എന്ന പേരു നൽകിയത് ഇതിന് ഉദാഹരണമാണ്. പശ്ചിമേഷ്യൻ ഭീകരവാദ സംഘടനയെ പിന്തുണയ്ക്കുകയാണ് എസ്എഫ്ഐ എന്നും സുരേന്ദ്രൻ പറഞ്ഞു.