ഗംഭീറിന് പിന്നാലെ സജീവ രാഷ്ട്രീയം വിട്ട് ജയന്ത് സിൻഹയും
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും സജീവ രാഷ്ട്രീയത്തിൽ നിന്നും ഒഴിയാൻ താൽപര്യമുണ്ടെന്നും അറിയിച്ച് ബിജെപി എംപി ജയന്ത് സിൻഹ. സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നുവെന്ന് ഗൗതം ഗംഭീർ അറിയിച്ച് മണിക്കൂറുകൾ പിന്നീടും മുന്നേയാണ് ജയന്ത് സിൻഹയുടെയും പ്രഖ്യാപനം. തങ്ങളെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് രണ്ട് എംപിമാരും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുള്ള എംപിയാണ് സിൻഹ.
‘തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ബഹുമാനപ്പെട്ട പാർട്ടി പ്രസിഡന്റ് ജെപി നഡ്ഡയോട് ഞാൻ അഭ്യർഥിച്ചിട്ടുണ്ട്. ഭാരതത്തിലും ലോകമെമ്പാടുമുള്ള ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങളിൽ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരും. കഴിഞ്ഞ പത്തുവർഷമായി ഭാരതത്തിലെയും ഹസാരിബാഗിലെയും ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നൽകിയ നിരവധി അവസരങ്ങളാൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്രമോദിജി, ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതൃത്വം എല്ലാവർക്കും എന്റെ ആത്മാർഥമായ നന്ദി അറിയിക്കുന്നു. ജയ്ഹിന്ദ് ’ – ജയന്ത് സിൻഹ എക്സിൽ കുറിച്ചു.
അതേസമയം, ഗംഭീറും ജയന്ത് സിൻഹയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു ലഭിക്കില്ലെന്നു ഉറപ്പായതോടെയാണ് സജീവ രാഷ്ട്രീയം വിടുന്നതെന്നാണ് സൂചന. സിറ്റിംഗ് എംപിമാരെ ഒഴിവാക്കി പല മണ്ഡലങ്ങളിലും പുതിയ സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് ബിജെപി പദ്ധതി. പാർലമെന്ററി രംഗത്തുനിന്നും മാറ്റിനിർത്തപ്പെടുന്ന നേതാക്കൾ സംഘടന കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് ബിജെപി നിലപാട്. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക വൈകാതെ പുറത്തുവരുമെന്നാണ് വിവരം.