കുടുംബാധിപത്യ രാഷ്ട്രീയക്കാർ ഭയം നിമിത്തം രാജ്യസഭയിലേക്കു ചേക്കേറുന്നു: പരിഹസരിച്ച് പ്രധാനമന്ത്രി മോദി
Mail This Article
പട്ന ∙ കുടുംബാധിപത്യ രാഷ്ട്രീയക്കാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഭയമായതിനാൽ രാജ്യസഭയിലേക്കു ചേക്കേറുകയാണെന്നു പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജ്യസഭാംഗമായതിനെ പരോക്ഷമായി സൂചിപ്പിച്ചാണ് മോദിയുടെ പരിഹാസം. ഔറംഗാബാദിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ കുടുംബാധിപത്യ ഭരണം തിരികെ വരാതിരിക്കാൻ ജനങ്ങൾ ജാഗരൂകരാകണമെന്ന് മോദി പറഞ്ഞു. ബിഹാറിൽ ഡബിൾ എൻജിൻ ഭരണം തിരികെയെത്തിയതു സംസ്ഥാനത്തിനു പ്രയോജനകരമാണ്. ബിഹാറിൽ വികസനവും ക്രമസമാധാന പാലനവും ഉറപ്പാക്കും. 21,400 കോടി രൂപയുടെ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന – ശിലാസ്ഥാപനമാണു നിർവഹിച്ചത്. റയിൽ, റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ ബിഹാറിന്റെ മുഖഛായ മാറ്റും. ആരംഭിക്കുന്ന പദ്ധതികളെല്ലാം പൂർത്തിയാക്കി ജനങ്ങൾക്കു സമർപ്പിക്കുമെന്നതാണ് മോദിയുടെ ഗാറന്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും പോയിട്ടുണ്ടെങ്കിലും ഇനി എക്കാലവും മോദിക്കൊപ്പം നിലയുറപ്പിക്കുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ ഉറപ്പുനൽകി. നിതീഷിന്റെ പ്രഖ്യാപനം പൊട്ടിച്ചിരിയോടെ പ്രധാനമന്ത്രിയും സദസും ആസ്വദിച്ചു.
ഇതിനിടെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ‘ജനവിശ്വാസ റാലി’ ഞായറാഴ്ച പട്ന ഗാന്ധിമൈതാനിൽ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും റാലിയിൽ പങ്കെടുക്കും. റാലി വിജയിപ്പിക്കണമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർഥിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാർ ‘ഇന്ത്യ’ മുന്നണി വിട്ട ശേഷം സംഘടിപ്പിക്കുന്ന റാലി ശക്തിപ്രകടനമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് ആർജെഡിയും സഖ്യകക്ഷികളും. നിതീഷിന്റെ പിന്മാറ്റം ‘ഇന്ത്യ’ മുന്നണിയെ ദുർബലമാക്കിയിട്ടില്ലെന്നു തെളിയിക്കാനായി റാലിയിൽ സഖ്യകക്ഷി നേതാക്കളെയെല്ലാം അണിനിരത്തും. ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായ സിപിഐ, സിപിഎം, സിപിഐ (എംഎൽ) നേതാക്കളും റാലിയിൽ പങ്കെടുക്കും.