ADVERTISEMENT

തിരുവനന്തപുരം∙ ശമ്പളം വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. നാളെ മുതൽ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നിൽ ജീവനക്കാർ നിരാഹാര സമരം തുടങ്ങും. പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഖജനാവിൽ ആവശ്യത്തിനു പണമില്ലാത്തതിനാൽ രണ്ടുദിവസം കഴിഞ്ഞിട്ടും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ആദ്യ രണ്ടു ദിവസങ്ങളിലായി ശമ്പളം മുടങ്ങിയ സർക്കാർ ജീവനക്കാരുടെ എണ്ണം മൂന്നരലക്ഷത്തോളമായി.

Read Also: കൊയിലാണ്ടിയിൽ വിദ്യാർഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദനം; ബൈക്ക് അപകടമെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി

ഇന്നലെ അധ്യാപകർക്കും ആരോഗ്യ വകുപ്പു ജീവനക്കാർക്കുമാണു ശമ്പളം നൽകേണ്ടിയിരുന്നത്. ഈ രണ്ടു വിഭാഗങ്ങളിലുമായി രണ്ടരലക്ഷത്തോളം ജീവനക്കാരുണ്ട്. ശമ്പളം വിതരണം ചെയ്തെന്നു വരുത്താനായി ജീവനക്കാരുടെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ടിൽ ശമ്പളം നിക്ഷേപിച്ചെങ്കിലും ഇതിൽനിന്നു പിൻവലിക്കാനോ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനോ കഴിയാത്ത തരത്തിൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. 

ശമ്പളം ലഭിക്കാത്തതു ട്രഷറിയിൽനിന്നു ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുന്നതിലെ സാങ്കേതിക തടസ്സമാണെന്നു ധനമന്ത്രിയടക്കം വാദിക്കുന്നുണ്ടെങ്കിലും എന്തു തടസ്സമാണെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്കു മറുപടിയില്ല. ഒന്നേകാൽ ലക്ഷം പെൻഷൻ‌കാരുടെ പണം വെള്ളിയാഴ്ച ട്രഷറിയിൽനിന്ന് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുന്നതിന് ഒരു തടസ്സവും നേരിട്ടിരുന്നില്ല. ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു നാളെ പണമെത്തിക്കാൻ കഴിയുമെന്നാണ് ട്രഷറി അധികൃതരുടെ പ്രതീക്ഷ. എന്നാൽ, നാളെ ഒറ്റ ദിവസം കൊണ്ടു മുഴുവൻ സർക്കാർ ജീവനക്കാർക്കും (5.25 ലക്ഷം) ശമ്പളം നൽകാൻ കഴിയണമെന്നില്ല. ബാങ്ക് വഴിയും ട്രഷറി വഴിയും പെൻഷൻ കൈപ്പറ്റുന്നതിന് ഇപ്പോൾ തടസ്സമില്ല. ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നേരിട്ടെത്തി പിൻവലിക്കാം. ഓൺലൈനായി ബാങ്കിലേക്കു പണം മാറ്റുന്നതിനു തടസ്സം നേരിടുന്നുണ്ട്.

English Summary:

Government employees will protest as they did not get their salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com