‘കാര്യങ്ങൾ പരിശോധിക്കും, ആരുടെയൊക്കെ ഭാഗത്ത് തെറ്റു പറ്റിയെന്ന് കണ്ടെത്തും’: സിദ്ധാർഥന്റെ വീട്ടിലെത്തി പുതിയ വിസി

Mail This Article
തിരുവനന്തപുരം∙ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ വീട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ പി.സി.ശശീന്ദ്രൻ സന്ദർശിച്ചു. സിദ്ധാർഥന്റെ മാതാപിതാക്കളോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നു വിസി പറഞ്ഞു. ആരുടെയൊക്കെ ഭാഗത്ത് തെറ്റു പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തും. സർവകലാശാലയുടെ ഭാഗത്തെ വീഴ്ച ഡീൻ വിശദീകരിക്കുമെന്നും വിസി വ്യക്തമാക്കി.
സിദ്ധാർഥന്റെ മരണത്തിൽ നടപടി സ്വീകരിക്കുന്നതിൽ അനാസ്ഥ കാട്ടിയതിന് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.ആർ.ശശീന്ദ്രനാഥിനെ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിസിയുടെ ചുമതല വെറ്ററിനറി കോളജ് മുൻ ഡീൻ ഡോ. പി.സി. ശശീന്ദ്രനു നൽകി ചാൻസലർ ഉത്തരവിറക്കിയത്. ഡോ. എം.ആർ.ശശീന്ദ്രനാഥിനെ വിസിയായി നിയമിക്കുന്ന സമയത്തു സേർച് കമ്മിറ്റി നൽകിയ മൂന്നംഗ പാനലിൽ ശശീന്ദ്രനും ഉണ്ടായിരുന്നു.
അതേസമയം, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ തെളിവെടുപ്പ് നടന്നു. ഒന്നാംപ്രതി സിൻജോ ജോൺസണുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഹോസ്റ്റലിലെ 21–ാം നമ്പർ മുറിയിലും നടുമുറ്റത്തും തെളിവെടുപ്പ് നടന്നു. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയ സ്ഥലത്ത് സിൻജോയെ എത്തിച്ചു. മർദനത്തിന് ഉപയോഗിച്ച ഗ്ലൂഗൺ സിൻജോയുടെ സാന്നിധ്യത്തിൽ കണ്ടെത്തി.