മുഖം തുണികൊണ്ടു മറച്ച് ഹസൻകുട്ടി; കുട്ടിയെ തട്ടിക്കൊണ്ടുപോയ രാത്രിയിലെ നിർണായക ദൃശ്യം പുറത്ത്- വിഡിയോ

Mail This Article
തിരുവനന്തപുരം∙ പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പിടികൂടാൻ വഴിത്തിരിവായ സിസിടിവി ദൃശ്യം പുറത്ത്. കുട്ടിയെ കാണാതായ രാത്രി പ്രതിയായ ഹസൻകുട്ടി ചാക്ക ഭാഗത്തുകൂടി മുഖം തുണികൊണ്ട് മറച്ചു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്തെ മറ്റു സിസിടിവി ദൃശ്യങ്ങളിലും ഹസൻകുട്ടിയുടെ രൂപം കണ്ടു. പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് പിടിയിലായ ഹസൻകുട്ടി.
പ്രതിക്കെതിരെ പോക്സോ ചുമത്തുമെന്നും ഇയാൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചെന്നു തെളിഞ്ഞാൽ വധശ്രമക്കുറ്റം ചുമത്തുമെന്നും കമ്മിഷണർ വ്യക്തമാക്കി. ‘‘പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. ട്രെയിനിൽനിന്ന് ഇറങ്ങി ചാക്ക, എയർപോർട്ട് ഭാഗത്തേക്കു നടന്നെത്തി. അവിടെനിന്നു കരിക്കുവെള്ളം കുടിച്ചു. ബസ് സ്റ്റോപ്പിൽ കുറച്ചുനേരം നിന്നു. അപ്പോഴാണ് കുട്ടിയെ കണ്ടതെന്നാണു പ്രതി പറഞ്ഞത്.
കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ പൊത്തിപിടിച്ചു. കുട്ടിയുടെ അനക്കമില്ലാതായതോടെ പേടിച്ച് ഉപേക്ഷിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി. ചാക്കയിൽനിന്നും പ്രതിക്ക് ഒരാൾ ലിഫ്റ്റ് കൊടുത്തിട്ടുണ്ട്.’’– തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. ഞായറാഴ്ച രാവിലെ കൊല്ലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
.