‘കുട്ടിയെ കണ്ടത് ട്രെയിനിറങ്ങി നടക്കുന്നതിനിടെ, വായ പൊത്തിയപ്പോൾ ബോധം പോയി; പേടിച്ച് ഉപേക്ഷിച്ചു’

Mail This Article
തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി സ്ഥിരം കുറ്റവാളിയെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. പ്രതിയുടെ പേര് ഹസ്സൻ കുട്ടി എന്നാണെന്നും പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് ഇയാളെന്നും കമ്മിഷണർ അറിയിച്ചു. പ്രതി കുട്ടിയെ തട്ടിയെടുത്ത രീതിയെക്കുറിച്ചും കമ്മിഷണർ വിശദീകരിച്ചു. പ്രതിക്കെതിരെ പോക്സോ ചുമത്തുമെന്നും വായ പൊത്തിപ്പിടിച്ചെന്നു തെളിഞ്ഞാൽ വധശ്രമക്കുറ്റം ചുമത്തുമെന്നും കമ്മിഷണർ വ്യക്തമാക്കി.
‘‘പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. ട്രെയിനിൽനിന്ന് ഇറങ്ങി ചാക്ക, എയർപോർട്ട് ഭാഗത്തേക്കു നടന്നെത്തി. അവിടെനിന്നു കരിക്കുവെള്ളം കുടിച്ചു. ബസ് സ്റ്റോപ്പിൽ കുറച്ചുനേരം നിന്നു. അപ്പോഴാണ് കുട്ടിയെ കണ്ടതെന്നാണു പ്രതി പറഞ്ഞത്. കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ പൊത്തിപിടിച്ചു, കുട്ടിയുടെ അനക്കമില്ലാതായതോടെ പേടിച്ച് ഉപേക്ഷിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി. ചാക്കയിൽനിന്നും പ്രതിക്ക് ഒരാൾ ലിഫ്റ്റ് കൊടുത്തിട്ടുണ്ട്.’’– കമ്മിഷണർ പറഞ്ഞു.
രാത്രി 12 മണിക്കും ഒരുമണിക്കും ഇടയിലായിരിക്കും കുട്ടിയെ പ്രതി തട്ടിയെടുത്തതെന്നാണു പൊലീസ് നിഗമനം. ‘‘കൊല്ലത്തു ചിന്നക്കടയിൽനിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടാൽ പ്രദേശവാസിയെ പോലെയാണു തോന്നുക. രേഖകളിൽ അയിരൂർ ഭാഗത്തെ അഡ്രസാണുള്ളത്. എന്നാൽ ഗുജറാത്തിൽനിന്നു ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ഇങ്ങോട്ടു കൊണ്ടുവന്നെന്നാണു പ്രതി പറയുന്നത്. മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമില്ല. പ്രതിക്ക് ക്രിമിനൽ മെന്റാലിറ്റിയുണ്ട്’’ – കമ്മിഷണർ പറഞ്ഞു.
നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതിയിലേക്ക് എത്തിയതെന്ന് കമ്മിഷണര്‍ വിശദമാക്കി. ‘‘പോക്സോ ഉൾപ്പെടെ എട്ടോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. ജനുവരി 12 നാണ് കൊല്ലം ജയിലിൽനിന്ന് ഇയാൾ പുറത്തിറങ്ങിയത്. 2022ൽ പെൺകുട്ടിക്ക് മിഠായി കൊടുക്കാമെന്നു പറഞ്ഞ് വിളിച്ച് ഉപദ്രവിച്ച സംഭവമുണ്ടായിരുന്നു. ആ കേസിൽ ജയിലില്‍ കഴിഞ്ഞിരുന്നു. ഭവനഭേദനം, ഓട്ടോ മോഷണം, ക്ഷേത്രത്തിൽ കയറി മോഷണം തുടങ്ങി പല കേസുകൾ ഇയാൾക്കെതിരെയുണ്ട്. ആരുമായും ബന്ധമില്ലാത്ത ആളാണ്. അലഞ്ഞുതിരിയുന്ന ആളാണ്. കൃത്യമായ മേൽവിലാസം ഇല്ലാത്ത ആളായതിനാൽ പ്രതിക്കുവേണ്ടി പല സ്ഥലങ്ങളിൽ അലഞ്ഞു.’’– കമ്മിഷണർ പറഞ്ഞു.
കഴിഞ്ഞ മാസം 18ന് അർധരാതി ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. 19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ 500 മീറ്റർ അകലെ ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തേൻവിൽപനയ്ക്കായി കേരളത്തിലെത്തിയ ബിഹാർ സ്വദേശികളുടെ കുട്ടിയാണിത്. മാതാപിതാക്കൾക്കും 3 സഹോദരന്മാർക്കുമൊപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നത്.