ADVERTISEMENT

കൊച്ചി ∙ കോവിഡ് കാലത്തെ ലോക്ഡൗൺ മൂലം വിനോദയാത്ര നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ബുക്കിങ് തുക തിരിച്ചുനൽകാത്ത ടൂർ ഓപ്പറേറ്റർ 71,000 രൂപ നഷ്ടപരിഹാരം നൽകണം. ടൂര്‍ ഓപ്പറേറ്ററുടെ നടപടി അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വ്യക്തമാക്കി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി കെ.കെ.ഗോകുലനാഥൻ ടൂർ ഓപ്പറേറ്ററായ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. 

പരാതിക്കാരനും ഭാര്യയും 2020 ഫെബ്രുവരിയിൽ സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിൽ  പോകുന്നതിനു വേണ്ടി ടൂർ ബുക്ക് ചെയ്തിരുന്നു. പിന്നീട് കോവിഡ് വ്യാപിക്കുന്ന സാഹചര്യം ആയതിനാൽ യാത്ര ചെയ്യേണ്ടെന്ന് ഇവർ തീരുമാനിച്ചു. എന്നാൽ ബുക്കിങ് തുക തിരിച്ചു നൽകാൻ ടൂർ ഓപ്പറേറ്റർ തയാറായില്ല. മറ്റുള്ളവർ ടൂർ വിജയകരമായി പൂർത്തിയാക്കിയെന്നും കൃത്യമായ കാരണമില്ലാതെ പരാതിക്കാർ ഏകപക്ഷീയമായാണ് യാത്ര റദ്ദാക്കിയതെന്നുമായിരുന്നു ടൂർ ഓപ്പറേറ്ററുടെ വാദം. 2020 നവംബറിൽ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം കോവിഡ് കാലത്ത് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു എന്ന് പറഞ്ഞ കോടതി, ഇത് പാലിക്കാൻ എതിർകക്ഷികൾക്ക് ബാധ്യതയുണ്ടെന്നും വിലയിരുത്തി.

കോവിഡ് വ്യാപനം പോലെയുള്ള അസാധാരണമായ സാഹചര്യങ്ങളിൽ അനുകമ്പയും നീതിയുക്തമായ പരിഹാരവും  ഉപഭോക്താക്കളോട്  കാണിക്കണമെന്ന് ഡി.ബി.ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ബുക്കിങ് തുകയായ 46,200 രൂപയും 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഒരു മാസത്തിനുള്ളിൽ ഉപഭോക്താവിന് നൽകണമെന്ന് എതിർകക്ഷിക്ക് കോടതി നിർദ്ദേശം നൽകി.

English Summary:

Tour operator has to pay a compensation of Rs.71,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com