ADVERTISEMENT

അഗർത്തല∙ ത്രിപുരയിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ തിപ്ര മോത ബിജെപി നേതൃത്വം നൽകുന്ന സർക്കാരിൽ അംഗമാകും. 60 അംഗ നിയമസഭയിൽ 13 എംഎൽഎമാരാണ് ത്രിപ മോതയ്ക്കുള്ളത്. രണ്ടു മന്ത്രിസ്ഥാനം പാർട്ടിക്കു ലഭിക്കുമെന്നാണു വിവരം. മന്ത്രിമാരുടെ സത്യപ്രതിജ്ഞ എന്നാകുമെന്നു വൈകാതെ തീരുമാനിക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രജീബ് ഭട്ടാചാർജി മാധ്യമങ്ങളോടു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിപ്ര മോത ബിജെപി സഖ്യസർക്കാരിൽ അംഗമാകുന്നതു സംസ്ഥാനത്തു വലിയ ചലനങ്ങൾക്കു വഴിയൊരുക്കും. സഖ്യ സർക്കാരിന്റെ ഭാഗമാകുമെന്നു കരുതി 'ഗ്രേറ്റർ ത്രിപലാൻഡ്' എന്ന ആവശ്യം ഉപേക്ഷിക്കില്ലെന്നു തിപ്ര മോത മേധാവി പ്രദ്യോത് ദേബ്ബർമ പറഞ്ഞു.

സംസ്ഥാനത്തെ തദ്ദേശവാസികളുടെ പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ തിപ്ര മോതയും കേന്ദ്രസർക്കാരും ത്രിപുര സർക്കാരും തമ്മിൽ ത്രികക്ഷി കരാർ ഒപ്പുവച്ചിരുന്നു. ‘‘ഗ്രേറ്റർ ത്രിപലാൻഡ് എന്ന ആവശ്യം നേടിയെടുക്കാൻ സമയമെടുക്കുമെങ്കിലും ഞങ്ങൾ അത് ഉപേക്ഷിക്കില്ല. അയോധ്യയിൽ രാമക്ഷേത്രം എന്ന ആവശ്യം ബിജെപി ഒരിക്കലും ഉപേക്ഷിച്ചില്ല. ഒടുവിൽ, വർഷങ്ങൾക്കു‌ശേഷം അത് നേടിയെടുത്തു’’ – ദേബ്ബർമ പറഞ്ഞു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിപ്ര മോത എങ്ങനെ മത്സരിക്കുമെന്നു മാധ്യമങ്ങൾ ചോദിച്ചപ്പോൾ, പാർട്ടിയുടെ തീരുമാനം ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് ദേബ്ബർമ പറഞ്ഞു. സമയം വന്നാൽ ഞാൻ ഫെയ്സ്ബുക് ലൈവിൽ വരാമെന്നു പറഞ്ഞാണ് അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്. ത്രിപുര നിയമസഭയിൽ ബിജെപിക്ക് 32 എംഎൽഎമാരാണുള്ളത്. സിപിഎം (10), കോൺഗ്രസ് (3), ഐപിഎഫ്ടി (1) എന്നിങ്ങനെയാണ് കക്ഷിനില.  

English Summary:

Opposition party Tipra Motha to join BJP government in Tripura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com