തൃപ്പൂണിത്തുറ ടെർമിനൽ നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി മോദി; കൊൽക്കത്തയിൽനിന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ്
Mail This Article
കൊച്ചി ∙ ആലുവയിൽ നിന്നു സർവീസ് ആരംഭിക്കുന്ന കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. കൊൽക്കത്തയിൽനിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി ഇതിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ 28 കിലോമീറ്റർ ദൂരം പൂർത്തിയായി.
Read more at: തൃപ്പൂണിത്തുറയിലേക്ക് മെട്രോ; വ്യാപാര മേഖലയ്ക്ക് ഉണർവ്, വികസനത്തിന് വൻ കുതിപ്പ്
രണ്ടു മാസം മുൻപ് തൃപ്പൂണിത്തുറയിലേക്കു പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലഭിച്ചതോടെയാണു തിരഞ്ഞെടുപ്പിനു മുൻപു ലൈൻ കമ്മിഷൻ ചെയ്തത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നു ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്കു പുറപ്പെടും. ജനങ്ങൾക്കുള്ള സർവീസും തൊട്ടുപിറകെ ആരംഭിക്കും. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു എന്നതാണു ടെർമിനൽ സ്റ്റേഷന്റെ പ്രത്യേകത.
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണു ടിക്കറ്റ് നിരക്ക്. എങ്കിലും, ഉദ്ഘാടന ഓഫർ ആയി എസ്എൻ ജംക്‌ഷൻ വരെയുള്ള യാത്ര നിരക്ക് 60 രൂപ മാത്രമാണ്. മെട്രോയുടെ ആദ്യ ഘട്ടമായ ആലുവ– പേട്ട ടിക്കറ്റ് നിരക്കാണ് 60 രൂപ. മെട്രോ പിന്നീട് എസ്എൻ ജംക്‌ഷനിലേക്കു നീട്ടിയപ്പോഴും 60 രൂപയാണ് ടിക്കറ്റ് നിരക്ക്.
1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ട് ടെർമിനൽ സ്റ്റേഷന്. ഇതിൽ 40,000 ചതുരശ്ര അടി വാണിജ്യാവശ്യത്തിനായിരിക്കും. എസ്എൻ ജംക്‌ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരെ 1.16 കിലോമീറ്റർ ദൂരം പുതുതായി മെട്രോ റൂട്ടിലേക്കു കൂട്ടിച്ചേർക്കപ്പെടും. ഇതോടെ 25 സ്റ്റേഷനുകളും 28.125 കിലോമീറ്ററുമാകും കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമുൾപ്പെടെ 448.33 കോടി രൂപ ചെലവു വന്നു.
∙ കഷ്ടിച്ചു 100 മീറ്റർ മാത്രം
മെട്രോയുടെ ടെർമിനൽ സ്റ്റേഷൻ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപം എത്തുമ്പോൾ കൊച്ചി നഗരത്തിലേക്ക് പോകുന്നവർക്കാണ് ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക. 100 മീറ്ററിൽ താഴെ മാത്രമാണ് റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനു തമ്മിൽ ദൂരം. കോട്ടയം, തിരുവനന്തപുരം ഭാഗത്തു നിന്നൊക്കെ വരുന്നവർക്ക് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ മെട്രോയിൽ കയറി എറണാകുളം നഗരത്തിലേക്കു പോകാം. റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവ ബന്ധിപ്പിച്ചു നടപ്പാതയും റോഡും നിർമിക്കാനുള്ള നടപടി റെയിൽവേ തുടങ്ങിക്കഴിഞ്ഞു. അമൃത് ഭാരത് പദ്ധതിയിലാണ് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇതിനു സമീപം വാട്ടർ മെട്രോയും ബസ് സ്റ്റാൻഡും കൂടി എത്തിയാൽ വലിയൊരു വികസനത്തിനു തന്നെ ഇവ വഴി തുറക്കും.