ADVERTISEMENT

ഒട്ടാവ (കാനഡ)∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം. കൊലപാതകം നടന്ന് ഒൻപതു മാസങ്ങൾക്കു ശേഷമാണ് കനേഡിയൻ മാധ്യമമായ സിബിസി ന്യൂസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. നിജ്ജാറിന്റേത് തികച്ചും ആസൂത്രിതമായ കൊലപാതകമാണെന്നും കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം.

Read Also: ഇന്ത്യയുടെ നീക്കം സമാധാന ശ്രമങ്ങൾക്ക് എതിര്: അതിർത്തിയിൽ സേനയെ വിന്യസിച്ച നടപടിയെ കുറ്റപ്പെടുത്തി ചൈന

ആറ് അക്രമികളും രണ്ടു വാഹനങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. 2023 ജൂണ്‍ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു നിജ്ജാറിന്റെ കൊലപാതകം. നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങള്‍ ഗുരുദ്വാരയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. നേരത്തേ വാഷിങ്ടൻ പോസ്റ്റ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ 90 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. 

ഗുരുദ്വാരയുടെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ചാര നിറത്തിലുള്ള ട്രക്കിൽ നിജ്ജാര്‍ പുറത്തേക്കു പോകുന്ന സമയത്തു തന്നെ ഒരു വെളുത്ത കാർ അവിടേക്കു വരുന്നത് ദൃശ്യങ്ങളിൽ കാണാം. നിജ്ജാറിന്റെ ട്രക്കിനു സമാന്തരമായാണു കാർ മുന്നോട്ടു നീങ്ങുന്നത്. ട്രക്കിന്റെ വേഗത കൂട്ടുന്നതിനൊപ്പം തന്നെ കാറും കുതിച്ചു. കാർ സഞ്ചരിച്ച അതേ പാതയിലേക്കു ട്രക്കിനു കയറേണ്ടി വന്ന നിമിഷം, കാർ വേഗത കൂട്ടി നിജ്ജാറിന്റെ വാഹനത്തിനു പ്രതിബന്ധമായി നിർത്തി. കാറിൽനിന്ന് അക്രമികൾ ചാടിയിറങ്ങുകയും ട്രക്കിന്റെ ഡ്രൈവർ സീറ്റിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയുതിർത്തവർ മറ്റൊരു കാറിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തം.

നിജ്ജാറിനു നേരെ ആറുപേർ 50 തവണ വെടിവച്ചു. 34 വെടിയുണ്ടകൾ നിജ്ജാറിന്റെ ശരീരത്തിൽ തുളച്ചുകയറി.  കൊലപാതകത്തിൽ ഇന്ത്യ‌ക്കെതിരെ വിശ്വസീനയമായ തെളിവുണ്ടെന്നായിരുന്നു കനേഡിയന്‍ പാര്‍ലമെന്റിൽ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്.  ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിജ്ജാറിനെ ‘ഒളിച്ചോടിയ ഭീകരന്‍’ എന്നാണ് മുദ്ര കുത്തിയിരുന്നത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ട്രൂഡോയുടെ ആരോപണത്തെ അസംബന്ധമെന്നു വിശേഷിപ്പിച്ച ഇന്ത്യ, തീവ്രവാദികള്‍ക്കു കാനഡ അഭയം കൊടുക്കുകയാണെന്നും യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ട്രൂഡോ ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു. 

English Summary:

CCTV Footage Emerges of Khalistan Figure Hardeep Singh Nijjar's Assassination in Surrey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com