ADVERTISEMENT

മാലെ∙ ഇന്ത്യയെ പിണക്കിയതോടെ ആടിയുലഞ്ഞു മാലദ്വീപ് ടൂറിസം. മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം 33 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ഒരു വൈബ്‌സൈറ്റാണു വിവരം പുറത്തുവിട്ടത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞതിനു പിന്നാലെയാണു ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 33 ശതമാനം ഇടിവുണ്ടായിരിക്കുന്നത്. 2023ലെ കണക്കനുസരിച്ചു മാര്‍ച്ച് 4 വരെ 41,054 ഇന്ത്യക്കാരാണു മാലദ്വീപിലെത്തിയത്. 

Read Also: ഇന്ത്യയുടെ നീക്കം സമാധാന ശ്രമങ്ങൾക്ക് എതിര്: അതിർത്തിയിൽ സേനയെ വിന്യസിച്ച നടപടിയെ കുറ്റപ്പെടുത്തി ചൈന

എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 2 വരെ എത്തിയതാകട്ടെ 27,224 പേര്‍ മാത്രം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13,830 പേരുടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാലദ്വീപ് ടൂറിസത്തിന്റെ പത്തുശതമാനത്തോളം ഇന്ത്യയില്‍നിന്നായിരുന്നു. ഇപ്പോഴത് ആറായി ചുരുങ്ങിയിട്ടുണ്ട്. ചൈനയില്‍നിന്നാണു നിലവില്‍ കൂടുതലാളുകള്‍ മാലദ്വീപിലേക്കെത്തുന്നത്. ഈ വര്‍ഷം 54,000 പേരാണ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൂന്നു മന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. 

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവരാണു വിവാദപരാമര്‍ശം നടത്തിയത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി അവിടേക്കു സന്ദര്‍ശകരെ ക്ഷണിച്ചു പ്രധാനമന്ത്രി എക്‌സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റിട്ടിരുന്നു. ഇതു മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചു. കൂടുതല്‍ ഗുരുതര പദപ്രയോഗങ്ങള്‍ മന്ത്രി മറിയം ഷിയുനയുടേതായിരുന്നു. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നുമാണ് അവര്‍ പറഞ്ഞത്.

English Summary:

The number of Indian tourists visiting the Maldives has dropped by 33 percent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com