ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ദേശീയ രാഷ്ട്രീയം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അരുൺ ഗോയൽ രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ രാജീവ് കുമാറുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണു നടപടിയെന്നാണ് അടുത്തുവൃത്തങ്ങൾ നൽകുന്ന സൂചന.

Read also: അന്ന് മോദിക്കെതിരെ നടപടി വേണമെന്നു പറഞ്ഞ ലവാസ രാജിവച്ചു, ഇന്ന് ഗോയൽ; എങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം

സംഭവത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് രംഗത്തെത്തി. സ്വതന്ത്ര സ്ഥാപനങ്ങളിൽ അമിതനിയന്ത്രണം ഏർപ്പെടുത്തുന്നത് സ്വേച്ഛാധിപത്യത്തിലേക്കു ജനാധിപത്യം വഴിമാറുന്നതിനു കാരണമാകുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നീതിപൂർവം നടക്കുമോ എന്ന ചോദ്യം ഉയരുന്നതായും അവർ വ്യക്തമാക്കി.

‘‘തിരഞ്ഞെടുപ്പ് കമ്മിഷനോ അതോ തിരഞ്ഞെടുപ്പ് ഒമിഷനോ (ഉപേക്ഷിക്കുന്നതോ)? കുറച്ച് ദിവസങ്ങൾക്കുള്ളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേയുള്ളൂ. എന്തുകൊണ്ട്? ഞാൻ നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ സ്വതന്ത്ര സ്ഥാപനങ്ങളുടെ ആസൂത്രിതമായ നാശം തടഞ്ഞില്ലെങ്കിൽ നമ്മുടെ ജനാധിപത്യം സ്വേച്ഛാധിപത്യം കവർന്നെടുക്കും’’– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്സിൽ കുറിച്ചു. രാജ്യത്തു തകരുന്ന അവസാന ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണു തിരഞ്ഞെടുപ്പ് കമ്മിഷനെന്നും ഖർഗെ പറഞ്ഞു.

‘‘തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ നടപടിക്രമം ഇപ്പോൾ ഭരണകക്ഷിക്കും പ്രധാനമന്ത്രിക്കും എല്ലാ അധികാരങ്ങളും നൽകിയിരിക്കെ, അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ച് 23 ദിവസം കഴിഞ്ഞിട്ടും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാത്തത് എന്തുകൊണ്ടാണ്? മോദി സർക്കാർ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ന്യായമായ വിശദീകരണവുമായി വരൂ’’ –കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മിഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മയെ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലും വിമർശിച്ചു. ‘‘ഇതു തികച്ചും ഞെട്ടിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവച്ചു. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മിഷനിൽ എന്താണ് സംഭവിക്കുന്നത്? രാജ്യം മുഴുവൻ ആകാംക്ഷയിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ല’’– വേണുഗോപാൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ മാത്രം അവശേഷിക്കുന്നത് ആശങ്കാജനകമാണെന്നു തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗം സാകേത് ഗോഖലെയും വ്യക്തമാക്കി. മോദിയും അദ്ദേഹത്തിന്റെ മന്ത്രിയും ചേർന്ന് അവർക്കിഷ്ടമുളള 2 പേരെ കമ്മിഷണർമാരായി നിയമിക്കുമെന്നത് തിരഞ്ഞെടുപ്പു നടത്തിപ്പിനെക്കുറിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരുൺ ഗോയലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചിരുന്നു. മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ മാത്രമാണു ശേഷിക്കുന്നത്. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങളുമായി രാജീവ് കുമാറും അരുൺ ഗോയലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർ‍ച്ച ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം നാളെ നടത്താൻ നിശ്ചയിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 12നു പൊഖ്റാനിൽ സൈനിക ശക്തിപ്രകടനം കാണാൻ പോകും. അന്നേ ദിവസം കമ്മിഷൻ കശ്മീർ സന്ദർശിക്കാനും ആലോചിച്ചിരുന്നു. അതിനടുത്ത ദിവസംതന്നെ തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് ഗോയലിന്റെ രാജി. 1985 ബാച്ച് പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗോയൽ 2022 നവംബർ 21നാണ് തിരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റത്.

English Summary:

Congress Sounds Alarm Bells As Election Commissioner Arun Goel Abruptly Resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com