‘സിഎഎ മുസ്‌ലിംകളെ ബാധിക്കില്ല, പ്രതിഷേധം തെറ്റിദ്ധാരണ മൂലം’: ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത്

Mail This Article
ബറേലി∙ പൗരത്വ ദേദഗതി നിയമം (സിഎഎ) രാജ്യത്തെ മുസ്‌ലിംകളെ ബാധിക്കില്ലെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീന്‍ റസ്‌വി ബറേല്‍വി പറഞ്ഞു. ‘‘കേന്ദ്രസര്‍ക്കാര്‍ സിഎഎ നടപ്പാക്കി. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു.
രാജ്യത്തെ മുസ്‍ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിയമത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. ഈ നിയമവും മുസ്‌ലിംകളുമായി യാതൊരു ബന്ധവുമില്ല.
Read also: തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ സിഎഎ ചട്ടം; വിജ്ഞാപനം 4 വർഷത്തിനുശേഷം
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ അക്രമം നേരിടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ മുന്‍പ് നിയമം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഒരു മുസ്‌ലിമിന്റെ പോലും പൗരത്വം ഇതുമൂലം ഇല്ലാതാകില്ല. മുന്‍വര്‍ഷങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. ചില ആളുകള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്.’’ - ഷഹാബുദീന്‍ റസ്‌വി പറഞ്ഞു.
മതനിരപേക്ഷ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നുവെന്നതാണ് 2019ൽ പാസാക്കിയ പൗരത്വ േഭദഗതി നിയമത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം. എന്നാൽ, ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമല്ല പുതിയ വ്യവസ്ഥകളെന്നാണ് സുപ്രീം കോടതിയിലുൾപ്പെടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്
മതപീഡനം നേരിടുന്നു അല്ലെങ്കിൽ അത്തരത്തിലുള്ള പീഡനം ഭയക്കുന്നു എന്നതാണ് 3 രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളെ പൗരത്വത്തിനു പരിഗണിക്കുന്നതിനുള്ള മാനദണ്ഡം. എങ്കിൽ, എന്തുകൊണ്ട് മ്യാൻമറിലും ചൈനയിലും പീഡനം നേരിടുന്ന മുസ്‌ലിംകളെയും ശ്രീലങ്കയിൽനിന്നുള്ള തമിഴ് അഭയാർഥികളെയും പരിഗണിക്കുന്നില്ല എന്ന ചോദ്യമുണ്ടായി.
പൗരത്വ ഭേദഗതി നിയമം ലോകത്തു നടക്കുന്നതോ നടന്നിട്ടുള്ളതോ ആയ എല്ലാ പീഡനങ്ങൾക്കുമുള്ള ഉത്തരമല്ലെന്നും പല ദശകങ്ങളായി പരിഹാരത്തിന് ഇന്ത്യയുടെ ശ്രദ്ധ കാത്തിരുന്ന കൃത്യമായ ഒരു പ്രശ്നത്തെ നേരിടാനുള്ള പരിമിതമായ നിയമമാണെന്നുമായി കേന്ദ്രസർക്കാർ സുപ്രീം കോടയിയിൽ വ്യക്തമാക്കിയത്.