‘വീട്ടിൽ മോഷണം, ക്രൈംബ്രാഞ്ചിനെ വിശ്വാസമില്ല’: വീട് വിട്ടുകിട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട് മോൻസൻ
Mail This Article
കൊച്ചി ∙ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള തന്റെ വീട്ടില്‍ മോഷണം നടന്ന സാഹചര്യത്തിൽ, വീട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ കോടതിയെ സമീപിച്ചു. ജയിലിൽ കഴിയുന്ന മോൻസൻ എറണാകുളം എസിജെഎം കോടതിയിലാണ് ഹർജി നൽകിയത്. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത മോൻസന്റെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച മോഷണം നടന്നെന്നു ചൂണ്ടിക്കാട്ടി മകൻ മാനസ് മോൻസന്‍ കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പൊലീസിൽ പരാതി നല്‍കിയിരുന്നു.
Read also: ഇനി കെഎസ്ആർടിസി വക ഡ്രൈവിങ് സ്കൂളും; ചെലവ് കുറയും, റിപ്പോർട്ട് ആവശ്യപ്പെട്ട് ഗണേഷ്
വീട്ടിൽനിന്ന് വിലപിടിപ്പുള്ള പലതും മോഷണം പോയതായി സംശയിക്കുന്നുവെന്ന് മോൻസൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വീട് സൂക്ഷിക്കുന്നത് വിശ്വാസയോഗ്യമല്ലാത്തതിനാൽ വിട്ടു നൽകണം എന്നാണ് ആവശ്യം. കേസ് ഈ മാസം 15ന് പരിഗണിക്കും. മോൻസന്റെ കലൂരിലുള്ള വീട്ടിൽ മോഷണം നടന്നതായി അയൽക്കാരാണ് തന്നെ വിളിച്ചറിയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് മകൻ നേരത്തേ പരാതി നൽകിയത്.
പുരാവസ്തു തട്ടിപ്പു കേസിൽ മോൻസനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് മാർച്ച് നാലിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രണ്ടാം പ്രതിയും മുൻ യൂത്ത് കോൺഗ്രസ് നേതാവും അദ്ദേഹത്തിന്റെ സഹായിയുമായ എബിൻ എബ്രഹാം മൂന്നാം പ്രതിയുമാണ്. പുരാവസ്തു ഇടപാടിന്റെ ഭാഗമായി മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റി എന്നാണ് പരാതിക്കാരുടെ ആരോപണം. സുധാകരനെ പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.