ADVERTISEMENT

പത്തനംതിട്ട∙ കേരളത്തിൽ ഇത്തവണ രണ്ടക്ക സീറ്റ് നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ താമര വിരിയുമെന്നാണ് പത്തനംതിട്ടയിലെ അന്തരീക്ഷം കാണുമ്പോൾ മനസ്സിലാകുന്നത്. അനിൽ കെ.ആന്റണി യുവത്വത്തിന്റെ ഊർജമാണ്. അദ്ദേഹത്തെ പോലെയുള്ളവരെയാണു ബിജെപി മൽസരിപ്പിക്കുന്നത്. ഇത്തവണ ബിജെപി രാജ്യത്ത് നാനൂറിലധികം സീറ്റുകൾ നേടുമെന്നും മോദി ആവർത്തിച്ചു. സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരം ആരംഭിച്ചത്. ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം’ എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു.

Read also: പൗരത്വം നൽകുന്നത് കേന്ദ്രസർക്കാർ; പറയുന്ന കാര്യങ്ങൾ ചെയ്യുന്ന നേതാവാണ് മോദി: അനിൽ ആന്റണി

‘ഇത്തവണ നാനൂറിൽ അധികം..’ സീറ്റുകൾ വേണമെന്നും മോദി മലയാളത്തിൽ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികൾ മോദിയുടെ വാക്കുകൾ ഏറ്റുപറയുകയും ചെയ്തു. 

‘‘കേരളത്തിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണു മാറിമാറി വരുന്നത്. അതു കേരളത്തിന് എന്തുമാത്രം നഷ്ടമാണു വരുത്തിവയ്ക്കുന്നതെന്നു ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽ‌നിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്.

ഇവിടുത്തെ ജനങ്ങളെ ഇരു മുന്നണികളും കബളിപ്പിക്കുന്നു. ഇവർ സംസ്ഥാനങ്ങൾക്ക് എത്രമാത്രം നഷ്ടം നൽകിയെന്നു പരിശോധിച്ചാൽ മനസ്സിലാകും. അതുകൊണ്ടു തന്നെ ഇവരെ പുറത്താക്കിയ സംസ്ഥാനങ്ങൾ ഒന്നും തന്നെ അവരെ തിരികെ കൊണ്ടുവരുന്നില്ല. തമിഴ്നാട്ടിൽ കോൺഗ്രസ് 1962ലാണ് അവസാനമായി തിരഞ്ഞെടുപ്പിൽ ജയിച്ചത്. യുപിയിലും ഗുജറാത്തിലും ബംഗാളിലും നാലു പതിറ്റാണ്ട് മുൻപാണ് കോണ്‍ഗ്രസിന്റെ അവസാന സർക്കാരുണ്ടായത്. ഒഡീഷയിൽ ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുൻപാണ് കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തായത്. രാജ്യത്ത് കോൺഗ്രസിന് ഒരു പാർലമെന്റ് അംഗം പോലുമില്ലാത്ത എത്രയോ സംസ്ഥാനങ്ങളുണ്ട്. ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന് എത്ര സീറ്റുണ്ടായിരുന്നതാണ്. ഇന്നാകട്ടെ അവടുത്തെ ജനങ്ങൾ അവരെ തിരിച്ചറിഞ്ഞിരിക്കുന്നു. അവരെ അധികാരത്തിൽനിന്നു തൂത്തെറിഞ്ഞു. ഇനി അവർക്ക് തിരികെ എത്താൻ കഴിയില്ല.

മലയാളികൾ പുരോഗമന ചിന്തയുള്ളവരാണ്. എന്നാൽ എൽഡിഎഫും യുഡിഎഫും പ്രാചീനചിന്ത വച്ചു പുലർത്തുന്നവരാണ്. പത്തൊൻപതാം നൂറ്റാണ്ടിനെക്കാൾ പിന്നിലാണ് കോൺഗ്രസ് ചിന്തിക്കുന്നത്. എൽഡിഎഫ് ആകട്ടെ കാലഹരണപ്പെട്ട ഉപയോഗശൂന്യമായ ആശയം വച്ചുപുലർത്തുന്നവരാണ്. ഇവർക്ക് ഒരിക്കലും സാംസ്കാരികപരമായും പുരോഗമനപരമായും ഉന്നതിയിൽ നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ മുന്നോട്ടു നയിക്കാനാകില്ല. മുത്തലാഖിനെതിരെ നിയമം വന്നപ്പോൾ അവർ ഒറ്റക്കെട്ടായി എതിർത്തു. ഒബിസി കമ്മിഷനെ പോലും എതിർത്തവരാണ് എൽഡിഎഫും യുഡിഎഫും.  സാമ്പത്തികമായി ദുർബലമായി വിഭാഗങ്ങൾക്ക് സംവരണം നൽകാനായി വന്ന നിയമത്തെയും എതിർത്തു. അതാണ് ഇവിടെ എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്.

കേരളത്തിന്റെ സംസ്കാരം ആധ്യാത്മികതയുമായി ചേർന്നു നിൽക്കുന്നതാണ്. എന്നാൽ എൽഡിഎഫും യുഡിഎഫും വിശ്വാസത്തെ തകർക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് അവരുടെ രാഷ്ട്രീയം. കേരളത്തിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. എന്നാൽ എൽഡിഎഫും യുഡിഎഫും അക്രമരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. അതുപോലെ ഇരു മുന്നണികളും അഴിമതിയിൽ മുങ്ങിയവരാണ്. എൽഡിഎഫ് സ്വർണക്കൊള്ളയാണു നടത്തുന്നതെങ്കിൽ യുഡിഎഫ് സോളാർക്കൊള്ളയാണ് നടത്തുന്നത്. ഈ കൊള്ള അവസാനിപ്പിക്കണമെങ്കിൽ എനിക്ക് കേരളത്തിലെ ജനങ്ങളുടെ ആശീർവാദം വേണം.

ഇവിടുത്തെ അഴമതിനിറഞ്ഞ സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുമ്പോഴും കേരളത്തിന്റെ പുരോഗതിക്കു വേണ്ടിയാണു കേന്ദ്രത്തിൽ ബിജെപി സർക്കാർ ശ്രമിക്കുന്നത്. പത്തനംതിട്ടയിൽ മാത്രം ജൽജീവൻ മിഷൻ വഴി 3.15 ലക്ഷം പേർക്കു ശുദ്ധജല കണക്ഷൻ നൽകി, 5 ലക്ഷം പേർക്ക് പിഎം ഗരീബ് കല്യാൺ യോജന വഴി സൗജന്യ റേഷൻ നൽകുന്നു. 1.5 ലക്ഷം കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധി വഴി ഇതുവരെ 380 കോടി രൂപ ജില്ലയിൽ വിതരണം ചെയ്തു. 1.15 ലക്ഷം വളർത്തു മൃഗങ്ങൾക്കു സൗജന്യ വാക്‌സീൻ നൽകി. 12,000 വനിതകൾക്കു ഉജ്വല പദ്ധതി വഴി എൽപിജി കണക്‌ഷൻ നൽകി. ബിജെപിക്ക് എംപിമാരുണ്ടെങ്കിൽ കേരളത്തിന്റെ ആവശ്യങ്ങൾ കൃത്യമായി അറിയിക്കാനും കേന്ദ്രപദ്ധതികൾ നടപ്പാക്കാനും എളുപ്പമാകും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ കഴിയും. അതാണ് മോദിയുടെ ഗ്യാരന്റി. 

വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളെ കുറിച്ച് അവിടുത്തെ ഭരണാധികാരികൾ പറയാറുണ്ട്. 2020ൽ യുഎഇയുമായി ഒപ്പുവച്ച വ്യാപാര കരാറിന്റെ ഗുണം ഫലം ലഭിക്കുക മലയാളികൾക്ക് കൂടിയാണ്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചപ്പോൾ ഭാരതത്തിന്റെ വികസന കാര്യങ്ങൾ അദ്ദേഹം താൽപര്യത്തോടെ കേട്ടു. യുദ്ധമുഖത്ത് നിന്നു നഴ്സുമാരെയും വൈദികരെയും കോവിഡ് കാലത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരേയും സർക്കാർ ഇടപെട്ട് നാട്ടിലെത്തിച്ചു. എവിടെ പ്രതിസന്ധിയുണ്ടോ അവിടെയെല്ലാം സർക്കാർ ജനങ്ങളുടെ ഒപ്പമുണ്ട്. അതാണ് മോദിയുടെ ഗ്യാരന്റി. 

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ. രാമനവമിയും ഹോളിയും റമസാനും വരാനിരിക്കുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉൽസവമായ തിരഞ്ഞെടുപ്പും വരുന്നു. നിങ്ങളെ സേവിക്കാൻ എംപിമാർ വഴി അവസരം ലഭിച്ചാൽ കഴിവിന്റെ പരാമവധി കാര്യങ്ങൾ കേരളത്തിനായി ചെയ്യും. അതിന് അനുവദിക്കണം. ’’ – മോദി പറഞ്ഞു.

പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ മോദിയെ ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്റണി സ്വീകരിച്ചത്. എൻഡിഎ സ്ഥാനാർഥികളായ മന്ത്രി വി.മുരളീധരൻ, ശോഭാ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി, ബൈജു കലാശാല എന്നിവരും മറ്റു നേതാക്കൾക്കൊപ്പം വേദിയിലുണ്ടായിരുന്നു.   കഴിഞ്ഞു രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഇന്നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മോദി കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവിടെനിന്നാണ് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ മോദി എത്തിയത്. 

English Summary:

Narendra Modi in Pathanamthitta Loksabha Election Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com