ADVERTISEMENT

കൊച്ചി∙ ‘‘പേടിച്ചാണ് ഇവിടേക്കു വന്നത്. ആദ്യമായിട്ട് വരികയല്ലേ. പക്ഷേ പ്രസിഡന്റും വൈസ് പ്രസിഡന്റുമൊക്കെ ബൊക്കെയൊക്കെ തന്ന് സ്വീകരിച്ചു. ഇതൊന്നും പ്രതീക്ഷിക്കാതെയാണ് ഞങ്ങൾ വന്നത്. സന്തോഷമായി’’ – പറയുമ്പോള്‍ നിഷയുടെ സ്വരത്തിൽ നിറഞ്ഞ സന്തോഷം. അർഹിച്ച നീതിക്കായി വര്‍ഷങ്ങൾ നീണ്ട പോരാട്ടം നടത്തിയ നിഷ ബാലകൃഷ്ണൻ ഇന്ന് എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിൽ ക്ലർ‍ക്കായി ജോലി തുടങ്ങി.

Read more at: നിഷ പറയുന്നു: ‘റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും കാര്യമില്ല, പിഎസ്‌സി ജോലി വേണ്ടവർ മറക്കരുത് ഇക്കാര്യം’

ആദ്യ ദിവസമായതിനാൽ എല്ലാവരേയും പരിചയപ്പെട്ടെന്നും കാര്യങ്ങളെല്ലാം പഠിച്ചെടുക്കുകയാണ് ഇനി വേണ്ടതെന്നും നിഷ പറയുന്നു. പഞ്ചായത്ത് ഓഫീസിന് അടുത്തു തന്നെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസ സൗകര്യവും നിഷ ശരിയാക്കി. പൊതുവിതരണ വകുപ്പിൽ‍ റേഷനിങ് ഇൻസ്പെക്ടറായ ഭർ‍ത്താവ് പ്രവീണുമൊത്താണ് നിഷ ഇന്ന് കടമക്കുടിയിലെത്തിയത്. 

ആറു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് നിഷയെ തേടി നിയമന ശുപാർശ എത്തിയത്. നാലു സെക്കൻഡിൽ നഷ്ടപ്പെട്ട സർക്കാർ ജോലി നേടിയെടുക്കാനായിരുന്നു അത്. അതിനു കാരണമായതോ, ഒരു ഉദ്യോഗസ്ഥന്റെ നടപടിയും. കൊച്ചി കോർപറേഷനിലെ എൽഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ വന്ന നിഷ, അവിടെ വന്ന ഒഴിവ് തപ്പിയെടുത്ത് 2018 മാർച്ച് 28ന് നഗരവികസന ഡയറക്ടറേറ്റിലേക്ക് അറിയിച്ചു. പിഎസ്‍സിക്ക് അത് റിപ്പോർട്ട് ചെയ്യണമെന്ന് അവിടുത്തെ ഒരു ഉദ്യോഗസ്ഥനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. അതിനായി പല തവണ വിളിച്ചു.

എന്നാല്‍ ആ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് 2018 മാർച്ച് 31ന് അര്‍ധരാത്രി 12 മണിക്ക്. ആ ഇ മെയിൽ പിഎസ്‍സി ഓഫിസിൽ എത്തിയതാകട്ടെ 12.04നും. അപ്പോഴേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനാൽ‍ നിഷ പുറത്ത്. അവിടെനിന്ന് തുടങ്ങിയ നിയമ പോരാട്ടമാണ് ഇന്ന് കടമക്കുടിയിലെ പഞ്ചായത്ത് ഓഫിസിൽ സന്തോഷത്തോടെ ചേരാൻ നിഷയെ പ്രാപ്തയാക്കിയത്. 

English Summary:

Nisha Balakrishnan Begins Her Job As Clerk In Government Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com