നിഷ പറയുന്നു: ‘റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും കാര്യമില്ല, പിഎസ്‌സി ജോലി വേണ്ടവർ മറക്കരുത് ഇക്കാര്യം’
Mail This Article
2014 ജനുവരിയിലാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ തന്റെ ജീവിതത്തിലെ മൂന്നാമത്തെയും അവസാനത്തെയും എൽഡി ക്ലാർക്ക് പരീക്ഷ എഴുതിയത്. 2015 ഏപ്രിലിൽ റാങ്ക് ലിസ്റ്റ് വന്നു. നിഷയുടെ പേരുണ്ട്. റാങ്ക് 696. സന്തോഷംകൊണ്ട് മതിമറന്ന നിമിഷം. പക്ഷേ മൂന്നു വർഷം അതിവേഗം കടന്നു പോയി. 2018 മാർച്ച് 31ന് ലിസ്റ്റിന്റെ കാലാവധി തീരുമെന്ന അവസ്ഥ. ഇതുവരെ നിയമനമായിട്ടില്ല. ഇനിയെന്തു ചെയ്യുമെന്ന ചോദ്യം നിഷയുടെ കണ്ണുകളിൽ വേദനയുടെ നീർച്ചാലുകൾ തീർത്ത നാളുകൾ. എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലായിരുന്നു നിഷ. റാങ്ക് ലിസ്റ്റിൽ പേരു വന്നെന്നു പറഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുകയല്ല അവർ ചെയ്തത്. ലിസ്റ്റിലുള്ളവരുമായി ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കി. അതിലെ അംഗങ്ങൾക്കൊപ്പം ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ തിരുവനന്തപുരത്തേയ്ക്കു യാത്ര ചെയ്തു. ഓരോ വകുപ്പിലെയും ഒഴിവുകൾ ഓഫിസുകൾ കയറിയിറങ്ങി കണ്ടെത്തി അത് നഗര വികസന ഡയറക്ടറേറ്റിൽ എത്തിച്ചു. അവിടെനിന്ന് പിഎസ്‌സിക്ക് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. അങ്ങനെയാണ് കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായിരുന്ന ഒരൊഴിവ് കണ്ടെത്തിയത്. 2018 മാർച്ച് 28നുതന്നെ ആ ഒഴിവ് നഗര വികസന ഡയറക്ടറേറ്റിലേയ്ക്ക് അറിയിച്ചു. പിഎസ്‌സിക്ക് അത് റിപ്പോർട്ട് ചെയ്യണമെന്ന് ഡയറക്ടറേറ്റിലെ ഒരുദ്യോഗസ്ഥനോട് അഭ്യർഥിക്കുകയും ചെയ്തു. പല തവണ വിളിച്ചും പറഞ്ഞു. എന്നാൽ ആ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോർട്ട് ചെയ്തത് 2018 മാർച്ച് 31ന് അർധരാത്രി 12ന്. ആ ഇ–മെയിൽ പിഎസ്‌സി ഓഫിസിൽ എത്തിയതാകട്ടെ 12.04നും! ആ നാലു സെക്കൻഡിന്റെ പേരിൽ നിഷയ്ക്ക് നഷ്ടമായത് ആറു വർഷങ്ങൾ!