വില്ലേജ് ഓഫിസറുടെ ആത്മഹത്യക്ക് പിന്നിൽ ബാഹ്യ ഇടപെടൽ? അന്വേഷണം വേണം, കലക്ടർക്ക് പരാതി നൽകി സഹപ്രവർത്തകർ
Mail This Article
അടൂർ∙ കടമ്പനാട് വില്ലേജ് ഓഫിസർ മനോജിന്റെ ആത്മഹത്യയിൽ ബാഹ്യ ഇടപെടൽ ഉണ്ടോയന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്കു പരാതി നൽകി സഹപ്രവർത്തകർ. 12 വില്ലേജ് ഓഫിസർമാർ കലക്ടർക്ക് ഒപ്പിട്ടു പരാതി നൽകി. കുടുംബപ്രശ്നങ്ങൾ, മറ്റു കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് അറിവില്ലെന്നും മാനസിക സമ്മർദം, ജോലിയിൽ ബാഹ്യ ഇടപെടൽ ഉണ്ടായതായും വീട്ടുകാർ പറഞ്ഞെന്നും സഹപ്രവർത്തകർ പറഞ്ഞു.
Read Also: ‘വില്ലേജ് ഓഫിസറുടെ ആത്മഹത്യ രാവിലെ വന്ന ഫോൺകോളിനു ശേഷം’: സമ്മർദമുണ്ടായിരുന്നതായി കുടുംബം
‘‘സംഭവദിവസം രാവിലെ എട്ടുമണിക്ക് സഹപ്രവർത്തകനായ ഏലംകുളം വില്ലേജ് ഓഫിസറെ മനോജ് വിളിച്ച് കൂളായി സംസാരിച്ചിരുന്നു. ബുദ്ധിമുട്ടോ, പ്രയാസമോ സംസാരത്തിലുണ്ടായിരുന്നില്ല. പിന്നീട് ഇങ്ങനെത്തെ ഒരു തീരുമാനത്തിലേക്ക് എടുത്തുചാടുന്നു. എല്ലാ മേഖലയിൽനിന്നും സമ്മർദം ഉണ്ട്. മണ്ണെടുപ്പും പുറംപോക്ക് പതിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് പല വിഷയങ്ങളുണ്ട്. ബാഹ്യ ഇടപെടലുകൾ ഉണ്ടെന്നുള്ളത് വസ്തുതതയാണ്’’–സഹപ്രവർത്തകർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 10നാണ് മനോജിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപികയായ ഭാര്യ രാവിലെ ശൂരനാട് നടുവിലെമുറി ഗവ. എൽപി സ്കൂളിലേക്ക് പോയ സമയത്താണ് സംഭവം. രാവിലെ കുളിക്കാനെന്നും പറഞ്ഞു മുറിയിലേക്കു പോയ മനോജിനെ കുറേനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സഖാക്കളിൽനിന്ന് സമ്മർദമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.