ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷം, നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ബിജെപിയെ സഹായിക്കുമെന്ന് കുറ്റപ്പെടുത്തി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എൻസിപി തുടങ്ങിയ രാഷ്ട്രീയ കക്ഷികളാണ് തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് രംഗത്തെത്തിയത്. 

Read More: ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വിജയടിക്കറ്റ് ആരു നേടും?

തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നത് പ്രധാനമന്ത്രി എല്ലായിടത്തും പര്യടനം നടത്താൻ ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. ‘‘ഞാൻ പന്ത്രണ്ടോളം തിരഞ്ഞെുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. പലപ്പോഴും നാലു ഘട്ടം പോലും ഉണ്ടായിട്ടില്ല. ചിലപ്പോഴെല്ലാം ഒറ്റഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്താൻ തീരുമാനിച്ചത് പ്രധാനമന്ത്രിക്ക് എല്ലായിടത്തും പര്യടനം നടത്തുന്നതിന് വേണ്ടിയാണ്.’’ – ഖർഗെ പറഞ്ഞു. 

ഒന്നോ രണ്ടോ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന ബംഗാൾ സർക്കാരിന്റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ലെന്ന് തൃണമൂലും കുറ്റപ്പെടുത്തി. ഒന്നിൽക്കൂടുതൽ ഘട്ടങ്ങളായി നടത്തുന്ന തിരഞ്ഞെടുപ്പ് വലിയ പാർട്ടിക്കാരെ മാത്രമേ സഹായിക്കൂ. അത് അവർക്ക് മുൻതൂക്കം നൽകുമെന്ന് പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. 

Read More: ഇലക്ടറൽ ബോണ്ട്, പൗരത്വ നിയമം; തിളയ്ക്കും രാഷ്ട്രീയം

"2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായാണ് നടന്നത്, മഹാമാരിയായിരുന്നു കാരണം. എന്നാൽ ഇന്ന് ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്താൻ എന്താണ് കാരണം? ന്യായമായ കാരണമൊന്നുമില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ‘നിഷ്പക്ഷമായ’ രീതിയിൽ പ്രവർത്തിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രതീക്ഷിച്ചത്. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇത്ര നീണ്ട തിരഞ്ഞെടുപ്പ് നടത്തുന്നതിലെ കാരണങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നില്ല.’’ – തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപി സുഖേന്ദു ശേഖർ റേ പറഞ്ഞു.

മഹാരാഷ്ട്രയിൽ അഞ്ചു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനെ എൻസിപി ശരദ് പവാർ വിഭാഗം ചോദ്യം ചെയ്തു.‘‘മഹാരാഷ്ട്രയിൽ അഞ്ച് ഘട്ടങ്ങൾ. ബിജെപി എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? ഇത് ഭയമാണോ അതോ ഇവിഎമ്മോ?’’ – പാർട്ടിയുടെ ദേശീയ വക്താവ് ക്ലൈഡ് ക്രാസ്റ്റോ ചോദിച്ചു. 

മൂന്നോ നാലോ ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് ബിഎസ്പി നേതാവ് മായാവതിയും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തിനായി ജൂൺ നാലു വരെ കാത്തിരിക്കേണ്ടതിനെക്കുറിച്ചാണ് ഡിഎംകെ  വക്താവ് ടികെഎസ് ഇളങ്കോവൻ പ്രതികരിച്ചത്.  തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നതിൽ അതൃപ്തി അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനു കത്തുനൽകാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്. 

English Summary:

Opposition Questions Seven Phase Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com