ADVERTISEMENT

മോസ്കോ∙ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി വ്ളാഡിമിർ പുട്ടിൻ. തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റാകുമെന്ന് ഉറപ്പായതിനു പിറകേയാണ് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുട്ടിൻ രംഗത്തെത്തിയത്. റഷ്യയും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാംലോക മഹായുദ്ധത്തിന് ചുവടകലെയാണെന്നാണ് അർഥമാക്കുന്നതെന്നും എന്നാൽ യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു പുട്ടിന്റെ പ്രസ്താവന. 87.8 ശതമാനം വോട്ട് പുട്ടിന്‍ നേടിയെന്നാണു റിപ്പോര്‍ട്ട്. അതേസമയം അമേരിക്ക, യുകെ, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങള്‍ റഷ്യന്‍ തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി, നീതിപൂര്‍വമല്ലാത്ത തിരഞ്ഞെടുപ്പാണ് റഷ്യയില്‍ നടന്നതെന്ന് വിവിധ രാജ്യങ്ങള്‍ ആരോപിച്ചു.

Read More: ‘യുഎസ് സേനാഭ്യാസം പിന്തുണച്ച കേന്ദ്രം: പുട്ടിൻ–ഷി കൂട്ടുകെട്ടിൽ എന്തു സംഭവിക്കും? ഇന്ത്യയുടെ ഇടപെടലും നിർണായകം’

യുക്രെയ്നിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മൂന്നാംലോക മഹായുദ്ധത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി പുട്ടിൻ എത്തിയത്. ആധുനിക ലോകത്ത് എന്തും സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഇത് മൂന്നാംലോക മഹായുദ്ധത്തിൽ നിന്ന് ഒരു പടിമാത്രം അകലെയാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. പക്ഷേ ആർക്കും അതിൽ താല്പര്യമുള്ളതായി എനിക്ക് തോന്നുന്നില്ല. ’’ പുട്ടിൻ പറഞ്ഞു. 

യുക്രെയ്നിൽ നാറ്റോ സൈനികരുടെ സാന്നിധ്യമുണ്ടെന്നും ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കുന്നവരെ റഷ്യ യുക്രെയ്നിൽ നിന്ന് പിടികൂടിയെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നിലെ യുദ്ധത്തെ വഷളാക്കുന്ന നടപടികൾ അവലംബിക്കുന്നതിന് പകരം മാക്രോൺ സമാധാനത്തിനായി പരിശ്രമിക്കണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു. 

റഷ്യൻ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് റഷ്യൻ അതിർത്തികളിൽ യുക്രെയ്ൻ ആക്രമണം കടുപ്പിച്ചിരുന്നു. ആക്രമണം തുടരുകയാണെങ്കിൽ റഷ്യൻ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്രെയ്നിലെ ഖാർകിവ് മേഖല പിടിച്ചെടുത്ത് ബഫർസോൺ ആക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പുട്ടിൻ സൂചന നൽകി. റഷ്യൻ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള അമേരിക്കയുടെ വിമർശനത്തെയും പുട്ടിൻ പുച്ഛിച്ചുതള്ളി. യുഎസ് തിരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

English Summary:

'Russia-Nato conflict is just one step from third World War', Putin warns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com