ADVERTISEMENT

കൊച്ചി∙ അനാരോഗ്യകരമായ വിമര്‍ശനങ്ങള്‍ കൊണ്ട് ജഡ്ജിമാരെ മോശക്കാരാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തനിക്കെതിരായ വധശ്രമ കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സിപിഎം നേതാവ് പി.ജയരാജൻ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പരാമര്‍ശങ്ങൾ കോടതിയെ അവമതിക്കുന്നതാണെന്ന് ആരോപിച്ച് എൻ.പ്രകാശ് എന്ന അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വാക്കാൽ പറഞ്ഞത്. ഹൈക്കോടതി റജിസ്ട്രാർ ജനറലിന് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നും അതിനാൽ പരാതിയിൽ എന്തു ചെയ്യണമെന്ന കോടതി നിര്‍ദേശം ആവശ്യമില്ലെന്നും വ്യക്തമാക്കി ജസ്റ്റിസ് ദേവൻ‍ രാമചന്ദ്രൻ ഹർജി തീർപ്പാക്കി.

Read Also: സിപിഎമ്മിനെ ബിജെപിയുമായി അടുപ്പിക്കുന്നത് ഇ.പി. ജയരാജൻ: കെ. സുധാകരൻ

വിമർശനങ്ങളെ കോടതി സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ, അതിനര്‍ഥം ജഡ്ജിമാർ കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്നുകൂടിയാണെന്നും നിരീക്ഷിച്ചു. ‘ഈ വിധത്തിലുള്ള പരാമര്‍ശങ്ങൾ കൊണ്ടു ജഡ്ജിമാരെ മോശക്കാരാക്കാൻ കഴിയില്ല’ എന്നും അദ്ദേഹം വാക്കാല്‍ നിരീക്ഷിച്ചു. ആരോഗ്യകരമായ വിമർശനങ്ങളെ ഒരു പ്രശ്നമായി ജു‍ഡീഷ്യറി കാര്യമാക്കാറില്ല എന്നും ജഡ്ജിമാർക്കെതിരെ അനാരോഗ്യകരമായ പരാമർശങ്ങൾ ഒരു വ്യക്തിയിൽനിന്നുണ്ടായാൽ അത് ആ വ്യക്തിയുടെ സംസ്കാരത്തിന്റെ ഭാഗമായാണു കണക്കാക്കപ്പെടുന്നത് എന്നും പറഞ്ഞു. താനിതു പൊതുവായി പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ തിരിച്ചറിയണം തുടങ്ങിയ വാക്കുകൾ ജയരാജൻ തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ടെന്നു ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  

1971ലെ കേരള ഹൈക്കോടതി കോടതിയലക്ഷ്യ നിയമപ്രകാരം റജിസ്ട്രാർ ജനറലിൽ ചില അധികാരങ്ങള്‍ നിക്ഷിപ്തമാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ നിയമം അനുശാസിക്കുന്ന വിധത്തിൽ അദ്ദേഹം അക്കാര്യം നടപ്പാക്കാതിരിക്കില്ല എന്നാണ് ഈ കോടതി കരുതുന്നത്. ഈ സാഹചര്യത്തിൽ റജിസ്ട്രാർ ജനറലിനോട് ഏതെങ്കിലും പ്രത്യേക വിധത്തിൽ ഇടപെടണമെന്നു കോടതി നിര്‍ദേശിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പരാതിക്കാരനു തന്റെ ആവലാതികൾ റജിസ്ട്രാർ ജനറലിനു മുമ്പാകെ സമര്‍പ്പിക്കാനും എല്ലാ സ്വാതന്ത്ര്യവുമുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

1999ലെ തിരുവോണ ദിനത്തിലാണു ജയരാജനു നേരെ വധശ്രമമുണ്ടാകന്നത്. വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിനു ഗുരുതരമായി പരുക്കേറ്റു. ആര്‍എസ്എസ് നേതാവടക്കം ആറു പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയില്‍ വന്ന അപ്പീൽ പരിഗണിച്ച ജസ്റ്റിസ് പി.സോമരാജൻ രണ്ടാം പ്രതി ഒഴികെയുള്ളവരെ വെറുതെ വിടുകയും രണ്ടാം പ്രതിയുടെ ശിക്ഷയില്‍ ഇളവ് വരുത്തുകയും ചെയ്തിരുന്നു. സാക്ഷിമൊഴികൾ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്നും കേസ് തെെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല എന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ തനിക്കു നീതി ലഭ്യമായിട്ടില്ല എന്നടക്കമുള്ള വിമർശനങ്ങൾ ജയരാജന്‍ തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. തന്റെ കാര്യത്തിൽ കോടതി കാണിച്ചത് നീതീകരിക്കാനാകാത്ത ധൃതിയാണെന്നും വധശ്രമത്തിന് ഇരയായ ആളെന്ന നിലയില്‍ നീതിനിഷേധമാണു നടന്നിട്ടുള്ളത്. ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു.  

English Summary:

High Court Judge Upholds Freedom of Judicial Criticism Amid Social Media Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com