ADVERTISEMENT

പാലക്കാട്∙ തന്നെ ബിജെപി അപമാനിച്ചിട്ടില്ലെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.എം. അബ്ദുല്‍ സലാം. ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് അബ്ദുല്‍ സലാം മനോരമ ന്യൂസിനോടു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽനിന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാർഥിയായ അബ്ദുൽ സലാമിനെ ഒഴിവാക്കിയതായി സിപിഎം നേതാവ് എ.കെ. ബാലൻ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ തന്‍റെ പേരില്ലായിരുന്നുവെന്നാണ് ഇതിനു മറുപടിയായി അദ്ദേഹം പറഞ്ഞത്. പോയത് മോദിക്കൊപ്പം ഫോട്ടോയെടുക്കാനും മലപ്പുറത്തേക്കു ക്ഷണിക്കാനുമാണ്. എ.കെ.ബാലന്റെ ശ്രമം രാഷ്ട്രീയ മുതലെടുപ്പിനാണാണെന്നും അബ്ദുൽ സലാം പറഞ്ഞു.

Read more at:പാലക്കാടിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ്ഷോ; കനത്ത ചൂടിലും ആവേശത്തോടെ ആയിരങ്ങൾ

കാലിക്കറ്റ് സർവകലാശാല മുൻ വിസി കൂടിയാണ് ഡോ. അബ്ദുൽ സലാം. റോഡ് ഷോയിൽ മോദിയുടെ വാഹനത്തിൽ കയറ്റാതിരുന്ന സംഭവം വിവാദമായതോടുകൂടിയാണ് അബ്ദുൽ‌ സലാം വിശദീകരണം നടത്തിയത്. പാലക്കാട് അഞ്ചുവിളക്ക് ജംഗ്‌ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫിസ് വരെയായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. മോദിക്കൊപ്പം പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളുമുണ്ടായിരുന്നു. അതോടെയാണ് അബ്ദുൽ സലാമിനെ മാറ്റിനിർത്തിയതായി ആക്ഷേപം ഉണ്ടായത്.

മതന്യൂനപക്ഷത്തിൽപ്പെട്ടയാളെ മാറ്റിനിർത്തിയെന്ന സന്ദേശമാണ് ബിജെപി ഇതിലൂടെ നൽകിയതെന്നാണ് എ.കെ. ബാലന്റെ ആരോപണം. ‘‘ഇതു ഗവർണർ കൂടി മനസ്സിലാക്കണം. പ്രധാനമന്ത്രി വന്നതുകൊണ്ട് പാലക്കാട് ബിജെപി ജയിക്കില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇത്തവണ പാലക്കാട് ജയിക്കും’’ – ബാലൻ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. നാലിൽ കൂടുതൽപ്പേരെ വാഹനത്തിൽ കയറ്റാൻ എസ്പി‌ജിയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് ബിജെപിയുടെ നിലപാട്. പാലക്കാട്, പൊന്നാനി സ്ഥാനാർഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്.

അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിന്റെ ഉദാഹരണമാണ് പ്രധാനമന്ത്രി പാലക്കാട് കാണിച്ചതെന്ന ആക്ഷേപവുമായി കോൺഗ്രസ് നേതാവ് ടി. സിദ്ദീഖും രംഗത്തെത്തി. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് സിദ്ദീഖിന്റെ പരാമർശം. കുറിപ്പ് ഇങ്ങനെ: ‘‘CAA എന്താണെന്ന് അറിയാത്തവർക്കായി മോഡിജി ഇന്ന് പാലക്കാട് വച്ച് ഉദാഹരണം കാണിച്ച് തന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം എന്താണെന്ന് അറിയാത്തവർക്ക് ഇതിലും നല്ല ഉദാഹരണം ഇനി കിട്ടാനില്ല. ഇത് വിശദീകരിക്കാനുള്ള ബുദ്ധിമുട്ട് കുറച്ച് തന്ന മോദിജിക്ക് അഭിവാദ്യങ്ങൾ. സലാം… മോഡിജി…’’

English Summary:

Insult or Protocol? Abdul Salam Speaks Out on Alleged Modi Road Show Snub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com