ഹേമന്ത് സോറന്റെ സഹോദരഭാര്യ ജെഎംഎം വിട്ട് ബിജെപിയിൽ; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
Mail This Article
റാഞ്ചി∙ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എംഎൽഎയും മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യയുമായ സീത മുർമു സോറൻ ബിജെപിയിൽ ചേർന്നു. ഹേമന്ത സോറന്റെ മൂത്ത സഹോദരനായ അന്തരിച്ച ദുർഗ സോറന്റെ ഭാര്യയാണ് സീത സോറൻ. ജെഎംഎമ്മിൽനിന്നു രാജിവയ്ക്കുന്നതായി അറിയിച്ച് ചൊവ്വാഴ്ച രാവിലെ പാർട്ടി അധ്യക്ഷനും ഭർതൃപിതാവുമായ ഷിബു സോറന്, സീത കത്ത് നൽകിയിരുന്നു.
Read also: ‘സ്വാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും’: ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ചു നടന്ന ചടങ്ങിലാണ് സീത പാർട്ടി അംഗത്വം സ്വീകരിച്ചത്. ജമാ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ സീത, നിയമസഭാംഗത്വവും രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് സൂചന. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്ത കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അതിനുമുൻപുതന്നെ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ ചംചയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
‘ബഹുമാനപ്പെട്ട ബാബ’ എന്ന് അഭിസംബോധന ചെയ്താണ് ഷിബു സോറന്, സീത രാജിക്കത്ത് നൽകിയത്. “എന്റെ ഭർത്താവിന്റെ മരണശേഷം ഞാനും എന്റെ കുടുംബവും തുടർച്ചയായി അവഗണിക്കപ്പെട്ടു. പാർട്ടിയിലെ അംഗങ്ങളും കുടുംബവും ഞങ്ങളെ മാറ്റിനിർത്തിയത് ഞങ്ങളെ നിരാശരാക്കി. കാലക്രമേണ സ്ഥിതി മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. മഹത്തായ ഒരു സംഘടനയായി എന്റെ ഭർത്താവ് കെട്ടിപ്പടുത്ത പാർട്ടി ആദർശങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നത് വേദനാജനകമാണ്.’’– സീത പറഞ്ഞു. എത്ര ശ്രമിച്ചിട്ടും കുടുംബത്തെ ഐക്യപ്പെടുത്തുന്നതിൽ ഷിബു പരാജയപ്പെട്ടെന്നും സീത ആരോപിച്ചു. “എനിക്കും എന്റെ കുടുംബത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഈയടുത്താണ് ഞാൻ അറിഞ്ഞത്. അതിനാൽ എനിക്ക് ജെഎംഎം കുടുംബം വിടേണ്ടി വരും.’’– സീത കൂട്ടിച്ചേർത്തു.
ജെഎംഎം തനിക്ക് അർഹതപ്പെട്ടത് നൽകിയില്ലെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം സീത സോറൻ പറഞ്ഞു. ‘‘ഞാൻ 14 വർഷമായി പാർട്ടിയെ സേവിച്ചു, പക്ഷേ ആ 14 വർഷത്തിനുള്ളിൽ എനിക്ക് ലഭിക്കേണ്ട ബഹുമാനം ഇന്നുവരെ, എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ എന്റെ പരേതനായ ഭർത്താവിന്റെ കഠിനാധ്വാനത്തെ മാനിച്ച് എനിക്ക് ഈ വലിയ തീരുമാനം എടുക്കേണ്ടി വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ മുഴുവൻ പര്യടനം നടത്തുന്ന വഴിയാണ് നമ്മൾ കണ്ടത്, ഇന്ത്യയുടെ പേര് വിദേശരാജ്യങ്ങളിൽ പോലും ചർച്ചയാകുന്നു.’’– സീത സോറൻ പറഞ്ഞു.