‘ചാടിക്കളിക്കാറില്ല, ഉറച്ച നിലപാടുള്ള പാർട്ടി; സിപിഎമ്മിനെക്കാൾ ഇന്ത്യാ മുന്നണിക്കു വേണ്ടി പോരാടുന്നത് മുസ്‍ലിം ലീഗ്’
Mail This Article
തിരുവനന്തപുരം∙ മുസ്‍ലിം ലീഗ് ഉറച്ച നിലപാടുള്ള പാർട്ടിയാണെന്നും എപ്പോഴും ചാടിക്കളിക്കാറില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎമ്മിനെക്കാൾ ഇന്ത്യാ മുന്നണിക്കു വേണ്ടി പോരാടുന്നത് മുസ്‍ലിം ലീഗ് ആണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.
Read also: ഭാര്യമാർ തമ്മിൽ ബിസിനസ് ഡീൽ ഉണ്ടെങ്കിൽ അത് ബിജെപി – സിപിഎം ധാരണയാണോ?: രാജീവ് ചന്ദ്രശേഖർ
‘‘ഞങ്ങൾ ഉറച്ച രാഷ്ട്രീയ നിലപാടുള്ള പാർട്ടിയാണ്. എപ്പോഴും ചാടിക്കളിക്കാനൊന്നുമില്ല. തമിഴ്നാട്ടിലും കേരളത്തിലുമൊക്കെ ഞങ്ങൾ ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തി ആ മുന്നണിയിൽ തന്നെ പോരാടുകയാണ്. സിപിഎമ്മിനെക്കാൾ കൂടുതൽ ശക്തമായി ഇന്ത്യ മുന്നണിക്കുവേണ്ടി പോരാടുന്നതു ഞങ്ങളാണ്. അവരാണ് ഒരു അയഞ്ഞ നിലപാടൊക്കെ എടുക്കുന്നത്.
അവിടെ ഒരു ശങ്ക, ഇവിടെയൊരു ശങ്ക... അങ്ങനെയാണ് സിപിഎം. ബംഗാളിൽ ഇപ്പോൾ മുന്നണിയുമായി ചേർന്നു. എന്നാൽ മറ്റു പലയിടത്തും ശങ്കയാണ്. ഞങ്ങൾക്ക് അത്തരത്തിലുള്ള യാതൊരു ശങ്കയുമില്ല. ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വരാൻ വേണ്ടി ധീരമായി പോരാടുകയാണ്. കോടതിയിലും പുറത്തും പോരാട്ടം തുടരുന്നു.
ഇന്ത്യ മുന്നണിയുടെ ഐക്യവും ശക്തിയും കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ കേരളത്തിൽ യുഡിഎഫിനു ട്വന്റി20 എന്നൊക്കെ പറയുന്നതിനു കാരണം ഇന്ത്യ മുന്നണിക്ക് അനുകൂലമായ ഒരു ട്രെൻഡ് രൂപപ്പെട്ടു കഴിഞ്ഞതുകൊണ്ടാണ്. ബിഹാറിൽ ഇത്തവണ ഇന്ത്യ മുന്നണി തൂത്തുവാരും. യുപിയിൽ മഹാരാഷ്ട്രയിലുമൊക്കെ ബിജെപിയുടെ നില പരുങ്ങലിലാണ്. ബംഗാളിൽ ആരു ജയിച്ചാലും ഇന്ത്യ മുന്നണിയിലാകും അവർ അവസാനം എത്തുക.
അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനുശേഷം കണക്കുകൂട്ടുമ്പോൾ ഏറ്റവും കൂടുതൽ സീറ്റുകളുള്ളത് ഇന്ത്യ മുന്നണിയായിരിക്കും. ഏതാനും ദിവസത്തിനുള്ളിൽ ഇതു വ്യക്തമാകും. പ്രധാനമന്ത്രി എത്രവട്ടം ഇപ്പോൾ കേരളത്തിൽ വന്നുപോയി. എന്നിട്ടും ഇപ്പോഴും സർവേകളിലൊക്കെ ബിജെപി കൂടുതലും മൂന്നാം സ്ഥാനത്തല്ലേ. ഇന്ത്യയിൽ പത്തു കൊല്ലം കഴിഞ്ഞുള്ള ഒരു തിരഞ്ഞെടുപ്പ് കോൺഗ്രസിനും അതിന്റെ കൂടെ നിൽക്കുന്ന മതേതര കക്ഷികൾക്കും അനുകൂലമായി വരുന്നു. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ ആ ട്രെൻഡ് രൂപപ്പെടും.’’– കുഞ്ഞാലിക്കുട്ടി പറഞ്ഞു