ADVERTISEMENT

അഹമ്മദാബാദ് ∙ പാർലമെന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോണ്‍ഗ്രസിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. ഗുജറാത്തില്‍നിന്നുള്ള ദേശീയ വക്താവ് രോഹൻ ഗുപ്ത പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. നിരന്തരമായ അപമാനവും വ്യക്തിഹത്യയും കാരണമാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായി രോഹനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിതാവിന്റെ അനാരോഗ്യം കണക്കിലെടുത്ത് തിങ്കളാഴ്ച സ്ഥാനാർഥിത്വം ഉപേക്ഷിച്ചു.

പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽനിന്നും ചുമതലകളിൽനിന്നും രാജിവയ്ക്കുന്നതായി കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയ്ക്ക് എഴുതിയ കത്തിൽ രാഹുൽ ഗുപ്ത വ്യക്തമാക്കി. ‘‘കഴിഞ്ഞ രണ്ടു വർഷമായി പാർട്ടിയുടെ മാധ്യമ വിഭാഗവുമായി ബന്ധമുള്ള മുതിർന്ന നേതാവിൽനിന്ന് നിരന്തര അപമാനവും വ്യക്തിഹത്യയും നേരിടുന്നതായി താങ്കളെ അറിയിക്കുന്നു. മുതിർന്ന നേതാക്കളിൽ പലർക്കും ഇക്കാര്യം അറിയാം. നിലവിൽ ഇത് വ്യക്തിപരമായി എനിക്ക് വലിയ പ്രതിസന്ധിയായതിനാൽ ഈ തീരുമാനം എടുക്കാൻ നിർബന്ധിതനായിരിക്കുന്നു. പാർട്ടിയെ നശിപ്പിക്കുന്നതിലും ഈ നേതാവിന് വലിയ പങ്കുണ്ട്. ഇത്തരം നേതാക്കളെ വച്ചുപൊറുപ്പിക്കരുത്’’ –ഗുപ്ത കൂട്ടിച്ചേർത്തു.

രാജിക്കത്തിന്‍റെ പകര്‍പ്പ് രോഹൻ ഗുപ്ത എക്സിൽ പങ്കുവച്ചു. മേയ് ഏഴിനാണ് ഗുജറാത്തിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 26 സീറ്റില്‍ മുഴുവനും ബിജെപി എംപിമാരാണ് നിലവിലുള്ളത്. ഇതില്‍നിന്ന് മറിച്ചൊരു വിധിയെഴുത്ത് ഇത്തവണയുണ്ടാവുമെന്ന് കോൺഗ്രസ് നേതൃത്വത്തിനോ ഇന്ത്യ മുന്നണിക്കോ ഉറപ്പില്ല. ഇതിന് പുറമെയാണ് പരസ്യമായി നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നത്. പിന്നാലെ നേതൃത്വത്തിനുനേരെ വിമർശനമുയരുന്നതും പാർട്ടിക്ക് ക്ഷീണമാകുന്നുണ്ട്.

English Summary:

"Constant Humiliation": Congress Spokesperson Rohan Gupta Quits Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com