ADVERTISEMENT

കോട്ടയം∙ വേനൽക്കാലം കടുക്കുമെന്ന മുന്നറിയിപ്പോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും കൊടുംചൂട്. കൊല്ലം,കോട്ടയം,തൃശൂർ ജില്ലകളിൽ ഇന്ന് 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ 38 ഡിഗ്രി ‌സെൽഷ്യസും ആലപ്പുഴ,എറണാകുളം,മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരത്തും പാലക്കാടും 36 ഡിഗ്രി സെൽഷ്യസാണ് ചൂട്. ചൊവാഴ്ച വരെ കനത്ത ചൂട് തുരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടി. 5,150 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. 

കനത്ത ചൂടിൽ മരങ്ങളുടെ ഇലകൾ കെ‍ാഴിഞ്ഞ് ഉണങ്ങാൻ തുടങ്ങിയപ്പോൾ. (ഫയൽ ചിത്രം ∙ മനോരമ)
കനത്ത ചൂടിൽ മരങ്ങളുടെ ഇലകൾ കെ‍ാഴിഞ്ഞ് ഉണങ്ങാൻ തുടങ്ങിയപ്പോൾ. (ഫയൽ ചിത്രം ∙ മനോരമ)

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. 
Read also:സുപ്രീംകോടതി കണ്ണുരുട്ടി: വഴങ്ങി ഗവര്‍ണര്‍; പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചു...



കനത്ത വെയിലിൽ കണ്ണൂർ ചാല ബൈപ്പാസിൽ  ദേശീയപാതയുടെ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. 
ചിത്രം: ധനേഷ് അശോകൻ∙മനോരമ
കനത്ത വെയിലിൽ കണ്ണൂർ ചാല ബൈപ്പാസിൽ ദേശീയപാതയുടെ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. ചിത്രം: ധനേഷ് അശോകൻ∙മനോരമ

∙പകൽ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
∙പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
∙നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
∙പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
∙പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
∙മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
∙ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
∙വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും  ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
∙ വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിനു കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മണി മുതൽ വൈകുന്നേരം ‌3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.


കനത്ത ചൂടിനെ പ്രതിരോധിച്ച് തലയിൽ സാരിത്തുമ്പ് വെച്ച് നടന്നു നീങ്ങുന്ന സ്ത്രീ.കണ്ണൂർ എടക്കാട് നിന്നുള്ള ദൃശ്യം. 
ചിത്രം: ധനേഷ് അശോകൻ∙മനോരമ
കനത്ത ചൂടിനെ പ്രതിരോധിച്ച് തലയിൽ സാരിത്തുമ്പ് വെച്ച് നടന്നു നീങ്ങുന്ന സ്ത്രീ.കണ്ണൂർ എടക്കാട് നിന്നുള്ള ദൃശ്യം. ചിത്രം: ധനേഷ് അശോകൻ∙മനോരമ

ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങള്‍, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ്- ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ സങ്കീര്‍ണമാകാതെ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. 

English Summary:

Heat wave in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com