‘തുടർച്ചയായി ദ്രോഹിക്കുന്നു’: എഎപി ആസ്ഥാനം സീൽ ചെയ്തതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് അതിഷി
Mail This Article
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയുടെ ആസ്ഥാനം എല്ലാ വശത്തുനിന്നും സീൽ ചെയ്തു പൂട്ടിയതായി മന്ത്രിയും ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവുമായ അതിഷി. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും അതിഷി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കുമ്പോൾ ഈ നീക്കം ഭരണഘടനയ്ക്ക് എതിരാണ്. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിട്ടുണ്ടെന്നും അതിഷി എക്സിൽ കുറിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അതിഷി തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ പറയുന്നു. മന്ത്രിമാർക്ക് വീടുകളിലും ഓഫിസുകളിലും പോകാൻ ബുദ്ധിമുട്ട് നേരിടുന്നു. തുടർച്ചയായി ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഇക്കാര്യങ്ങൾ പരിഗണിച്ച് ഞങ്ങൾക്ക് എത്രയും വേഗം സമയം നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, മദ്യനയ അഴിമതിയിലെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നും തന്നെ എത്രയും വേഗം ജയിൽ മോചിതനാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ബുധനാഴ്ച മാത്രമേ ഹർജി പരിഗണിക്കുകയുള്ളൂ. കോടതി അടിയന്തര സിറ്റിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേജ്‌രിവാൾ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഇ.ഡി അറസ്റ്റുചെയ്ത കേജ‍്‌രിവാളിനെ ആറുദിവസത്തെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു.