എൻഐടി പ്രതിഷേധം: അധികൃതരുടെ വാദം തെറ്റാണെന്ന് വിദ്യാർഥികൾ
Mail This Article
കോഴിക്കോട് ∙ എൻഐടിയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട അധികൃതരുടെ വാദങ്ങൾ തെറ്റാണെന്ന് വിദ്യാർഥികൾ. ഓപ്പൺ ഹൗസിനിടെ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഡയറക്ടറും റജിസ്ട്രാറും ഇറങ്ങി പോകുന്നതിന്റെയും ഗേറ്റിലെ സംഘർഷത്തിന്റെയും ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു.
ഗേറ്റിലെ സംഘർഷത്തിനിടെ വിദ്യാർഥികൾ സ്റ്റുഡന്റ്സ് വെൽഫെയർ ഡീനിനെ മർദിച്ചുവെന്ന് എൻഐടി അധികൃതർ ആരോപിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ അസിസ്റ്റന്റ് റജിസ്ട്രാർമാർ അടക്കമുള്ള ജീവനക്കാർ, പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കയ്യേറ്റം ചെയ്യാൻ എത്തുകയും ഇതിനിടയിൽ പെട്ടുപോയ ഡീൻ ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയും പൊലീസ് ഇടപെട്ട് രക്ഷപ്പെടുത്തുകയും ജീവനക്കാരെ ഓടിക്കുകയും ചെയ്യുന്ന വിഡിയോ ആണ് പുറത്തുവിട്ടത്.
വെള്ളിയാഴ്ച നടന്ന ഓപ്പൺ ഹൗസ് പരിപാടിയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഡയറക്ടർ മറുപടി നൽകിയിട്ടുണ്ടെന്നും 2 ശതമാനം തെമ്മാടികളായ വിദ്യാർഥികളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും എൻഐടി അധികൃതർ അറിയിച്ചിരുന്നു. ഹോസ്റ്റൽ കർഫ്യൂവിനും അടിച്ചമർത്തൽ നയങ്ങൾക്കും എതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പരീക്ഷയ്ക്ക് ഏതാനും ദിവസം ബാക്കിനിൽക്കെ സസ്പെൻഡ് ചെയ്തു പ്രതികാരം തീർക്കാന്‍ അധികൃതർ ശ്രമിക്കുകയാണെന്ന് വിദ്യാർഥികൾ ആരോപിച്ചു.