വ്യോമസേന മുൻ മേധാവി രാകേഷ് കുമാർ സിങ് ഭദൗരിയ ബിജെപിയിൽ ചേർന്നു
Mail This Article
ന്യൂഡൽഹി∙ വ്യോമസേന മുൻ മേധാവി രാകേഷ് കുമാർ സിങ് ഭദൗരിയ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ 23–ാമത് വ്യോമസേന മേധാവിയായിരുന്നു ആർ.കെ.എസ്. ഭദൗരിയ.
രാജ്യത്തെ ഒരിക്കൽക്കൂടി സേവിക്കാൻ അവസരം നൽകിയതിന് ബിജെപിയോട് നന്ദി പറയുന്നതായി അംഗത്വം സ്വീകരിച്ചതിന് ശേഷം ആർകെഎസ് ഭദൗരിയ പറഞ്ഞു. നാൽപതു വർഷം വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മികച്ച കാലം ബിജെപി അധികാരത്തിലുണ്ടായിരുന്ന അവസാന എട്ടുവർഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ മേഖലയെ ആധുനികവൽക്കരിക്കാൻ സർക്കാർ എടുത്ത തീരുമാനം സൈന്യത്തിന് കരുത്ത് നൽകുക മാത്രമല്ല വർധിച്ച ആത്മവിശ്വാസവും നൽകി. അത് സൈന്യത്തെ സ്വയംപര്യാപ്തരാക്കി. സുരക്ഷാരംഗത്ത് സർക്കാർ സ്വീകരിച്ച നടപടികൾ വളരെ പ്രധാനമാണെന്നും അത് ഇന്ത്യയെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഭദൗരിയ കൂട്ടിച്ചേർത്തു.
തിരുപ്പതി എംപിയായിരുന്ന വൈ.എസ്.ആർ.കോൺഗ്രസ് നേതാവ് വരപ്രസാദ് റാവുവും ഇന്ന് ബിജെപിയിൽ ചേർന്നു.