ADVERTISEMENT

നീലേശ്വരം (കാസർകോട്) ∙ അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് കുടുംബത്തിന് സിപിഎം ഊരുവിലക്ക് ഏർപ്പെടുത്തിയെന്നും പറമ്പിൽ തേങ്ങയിടുന്നത് തടഞ്ഞെന്നുമുള്ള ആരോപണത്തിൽ പ്രതികരണവുമായി സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി സി.എച്ച്.കുഞ്ഞമ്പു. പാർട്ടിക്ക് ഒരാളെയും ഊരുവിലക്കേണ്ട ആവശ്യമില്ലെന്ന് കുഞ്ഞമ്പു പറഞ്ഞു. ‘‘സ്ഥലമേറ്റെടുപ്പിൽ അമ്പലക്കമ്മിറ്റിയുമായാണ് തർക്കം, പാർട്ടിക്ക് റോളില്ല. പ്രവർത്തകർക്കു വീഴ്ചയുണ്ടായോ എന്നു പരിശോധിക്കും.’’ സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു.

പാർട്ടി ഗ്രാമമായ നീലേശ്വരം പാലായിൽ പാലാകൊഴുവൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പുഴക്കര വീട്ടിൽ എം.കെ.രാധയ്ക്കും കുടുംബത്തിനുമാണ് ദുരനുഭവം. കയ്യൂർ സമര സേനാനി ഏലിച്ചി കണ്ണന്റെ കൊച്ചുമകളും കയ്യൂർ സമരത്തിൽ എംഎസ്പിക്കാരുടെ ക്രൂരമർദനം ഏറ്റുവാങ്ങിയിട്ടും സ്വാതന്ത്ര്യസമര പെൻഷൻ വേണ്ടെന്നു പ്രഖ്യാപിച്ച പി.പി.കുമാരന്റെ മകളുമാണ് രാധ.

കുടുംബത്തിന്റെ പറമ്പിൽ തേങ്ങയിടുന്നത് പാർട്ടി അംഗങ്ങളടങ്ങുന്ന സംഘം ഇന്നലെ തടഞ്ഞതോടെയാണ് ഊരുവിലക്ക് സംബന്ധിച്ച കാര്യം പുറത്തുവരുന്നത്. 70 വയസ്സുകാരിയായ രാധയെയും മകളെയും പേരക്കുട്ടിയെയുമാണ് പാർട്ടി പ്രവർത്തകർ അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. വീട്ടുകാർ ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ‘പിണറായിയാണ് നാടുഭരിക്കുന്നതെന്ന് ഓർത്തോ’ എന്ന് ആക്രോശിക്കുന്നതും തെങ്ങുകയറ്റത്തൊഴിലാളിയെ മർദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകി. 8 വർഷത്തോളമായി അപ്രഖ്യാപിത ഊരുവിലക്കാണെന്നും തേങ്ങയിടാൻ സിപിഎം അനുവദിക്കുന്നില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. നാട്ടിലെ തൊഴിലാളികൾ വരാത്തതിനാൽ പടന്നക്കാട്ടുനിന്നുള്ള തൊഴിലാളിയാണ് ശനിയാഴ്ച തേങ്ങയിടാനെത്തിയത്. രാധ, മകൾ ‍എം.കെ.ബീന, ബീനയുടെ മകൾ ടി.അനന്യ എന്നിവരാണ് ഈ സമയത്ത് പറമ്പിലുണ്ടായിരുന്നത്.

പുറത്തുനിന്നു തൊഴിലാളികളെത്തിയത് പാലായി ഭാഗത്തെ തൊഴിലാളികൾ ചോദ്യം ചെയ്യുകയായിരുന്നെന്ന് സംഭവത്തെക്കുറിച്ച് സിപിഎം ലോക്കൽ സെക്രട്ടറി പി.മനോഹരൻ പറയുന്നു. തൊഴിലാളികളോട് സ്ഥലമുടമ മോശമായി പെരുമാറിയപ്പോൾ നാട്ടുകാർ ഇടപെട്ടു. പാലായി ഷട്ടർ കം ബ്രിജുമായി ബന്ധപ്പെട്ട് നാട്ടുകാർക്കെതിരെ കൊടുത്ത കേസുകൾ കോടതി തള്ളിയതിനെ തുടർന്നാണ് വീണ്ടും ഇവർ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com