സുരേന്ദ്രനെ നിർദ്ദേശിച്ചത് മോദി; ദേശീയ നേതാക്കൾ പ്രചാരണത്തിനെത്തും, വാഗ്ദാനം കേന്ദ്രമന്ത്രി സ്ഥാനം?
Mail This Article
കോട്ടയം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധയിലെത്തിയ വയനാട് മണ്ഡലത്തിൽ ഇത്തവണ ബിജെപിക്കായി പോരാടാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയും എൽഡിഎഫിനായി സിപിഐ നേതാവ് ആനി രാജയും മത്സരിക്കുന്ന മണ്ഡലത്തിൽ, ബിജെപി ആരെ നിർത്തുമെന്ന ആകാംക്ഷകളിലേക്കാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി പാർട്ടി സംസ്ഥാന അധ്യക്ഷന്റെ വരവ്. രാഹുൽ ഗാന്ധിയും ആനി രാജയും വിസിറ്റിങ് വീസക്കാരും തന്റേത് സ്ഥിരം വീസയുമാണെന്ന മുനവച്ച പരാമർശവുമായാണ് സുരേന്ദ്രൻ വയനാട്ടിലേക്ക് എത്തുന്നത്.
ഇത്തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖമായ രാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന ആലോചനയിൽനിന്നാണ് സുരേന്ദ്രന്റെ പേര് ഉയർന്നുവന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചതും. വയനാട്ടിൽ സ്ഥാനാർഥിയായി പരിഗണിക്കുന്ന കാര്യം പാർട്ടി ദേശീയ നേതൃത്വം തന്നെ സുരേന്ദ്രനെ കഴിഞ്ഞയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച് വിശദീകരിച്ചിരുന്നു.
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന അധ്യക്ഷ പദവി ഒഴിയുമ്പോൾ സുരേന്ദ്രന് അർഹമായ സ്ഥാനം ഉറപ്പാക്കുന്ന കാര്യത്തിലും ധാരണയുണ്ടെന്നാണ് വിവരം. സംഘടനാ തലത്തിലോ ഭരണ സംവിധാനത്തിലോ സുരേന്ദ്രന് അർഹമായ പരിഗണന ഉറപ്പാക്കും. രാജ്യസഭാ എംപി സ്ഥാനവും കേന്ദ്രമന്ത്രിസഭയിൽ അംഗത്വവും ഉൾപ്പെടെ പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന് വലിയ മേൽക്കൈ ഉള്ള, ബിജെപിക്ക് എട്ടു ശതമാനത്തിൽ താഴെ മാത്രം വോട്ടുവിഹിതമുള്ള മണ്ഡലത്തിലേക്ക് സംസ്ഥാന അധ്യക്ഷനെ ബിജെപി നേതൃത്വം നിയോഗിക്കുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ്. വയനാട്ടിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കു ലഭിച്ച മൃഗീയ ഭൂരിപക്ഷം കുറയ്ക്കുകയും, അദ്ദേഹത്തെ പ്രചാരണത്തിൽ പരമാവധി വയനാട്ടിൽത്തന്നെ തളച്ചിടുകയുമാണ് പ്രധാന ലക്ഷ്യം.
സുരേന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഇത്തവണ വയനാട്ടിൽ പ്രചാരണച്ചൂടേറുമെന്ന് ഉറപ്പായി. ബിജെപിയുടെ ദേശീയ നേതാക്കളും താര പ്രചാരകരും ഇക്കുറി സുരേന്ദ്രനായി രംഗത്തിറങ്ങും. സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്ന സുരേന്ദ്രന് തിരഞ്ഞെടുപ്പിനു ശേഷം അർഹമായ പദവി നൽകാനും ധാരണയുണ്ട്. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ കൂടി പങ്കെടുത്ത യോഗത്തിലാണ് സുരേന്ദ്രന്റെ സ്ഥാനാർഥിത്വവും അന്തിമമാക്കിയത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎയ്ക്കായി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. അന്ന് 78,816 വോട്ടു മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. 2014ൽ 80,712 വോട്ടു ലഭിച്ച സ്ഥാനത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിക്കു വോട്ടു കുറഞ്ഞത്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരമെന്ന പ്രതീതി ജനിപ്പിക്കാനാണ് സീറ്റ് ബിഡിജെഎസിൽനിന്ന് ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷനെത്തന്നെ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചതെന്നാണ് വിവരം.
സഖ്യകക്ഷികൾ മത്സരിക്കുന്ന സാഹചര്യത്തിൽ ആ മണ്ഡലത്തിൽ പ്രചാരണത്തിന് എത്താൻ ബിജെപി ദേശീയ നേതാക്കൾക്കുള്ള താൽപര്യക്കുറവ് സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഇതിനു പുറമേ, രാഹുൽ ഗാന്ധിക്കും ഇന്ത്യ മുന്നണിക്കും എതിരായ പ്രചാരണ വിഷയങ്ങൾ വയനാട്ടിൽനിന്നുതന്നെ ബിജെപി ദേശീയ നേതൃത്വം ഉയർത്തിക്കൊണ്ടുവരുമെന്നും വിലയിരുത്തലുണ്ട്.