ADVERTISEMENT

തിരുവനന്തപുരം∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് ടൂറിസ്റ്റ് വീസയിൽ വന്നവരാണെന്ന പരിഹാസവുമായി മണ്ഡലത്തിലെ നിയുക്ത ബിജെപി സ്ഥാനാർഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രൻ രംഗത്ത്. വയനാട് യുവമോർച്ച പ്രസിഡന്റെന്ന നിലയിൽ പൊതുജീവിതം ആരംഭിച്ച താൻ അവിടുത്തെ പെർമനന്റ് വീസക്കാരനാണെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയും കുടുംബവും പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന അമേഠി ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ സംഭവിച്ചത് ഇത്തവണ വയനാട്ടിൽ ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ആദ്യമേ തന്നെ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം പാർട്ടി കേന്ദ്ര നേതൃത്വം എന്നെ ഡൽഹിയിലേക്കു വിളിപ്പിക്കുകയും രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വളരെ ഭാരിച്ചൊരു ഉത്തരവാദിത്തമാണ്. ഞാൻ പൂർണ സന്തോഷത്തോടു കൂടി ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായിട്ടുള്ള വയനാട്ടിൽ അദ്ദേഹത്തിന്റെ നഗരാത്മകമായ രാഷ്ട്രീയത്തിനും വികസന വിരുദ്ധ രാഷ്ട്രീയത്തിനും എതിരായി മത്സരിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടും ആഭ്യന്തര മന്ത്രി അമിത് ഷാ ജിയോടും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡാ ജിയോടും സംഘടനാകാര്യ സെക്രട്ടറി ബി.എൽ. സന്തോഷ് ജിയോടും ഉള്ള എന്റെ നന്ദി അറിയിക്കുന്നു.

‘‘ഭാരിച്ച ഉത്തരവാദിത്താണ് ഏറ്റെടുക്കുന്നത്. കേരളത്തിൽ വന്നു മത്സരിക്കുന്ന ഐഎൻഡി സഖ്യത്തിന്റെ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ശക്തമായിട്ടുള്ള, ഉജ്വലമായിട്ടുള്ള പോരാട്ടം കാഴ്ചവയ്ക്കുക എന്നതാണ് ലക്ഷ്യം. എനിക്ക് വ്യക്തിപരമായി ഏറെ ബന്ധമുള്ള മണ്ഡലമാണ് വയനാട്. എന്റെ പൊതുജീവിതം ആരംഭിച്ചതുതന്നെ വയനാട്ടിലാണ്. വയനാട്ടിൽ യുവമോർച്ച പ്രസിഡന്റായാണ് ഞാൻ എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തീർച്ചയായും ഇത് എന്റെ മണ്ണാണ്. ബാക്കി രണ്ടു സ്ഥാനാർഥികളും ടൂറിസ്റ്റ് വീസയിൽ വന്നവരാണ്. എനിക്ക് ഇവിടെ പെർമനന്റ് വീസയാണ്. പാർട്ടിയുടെ മുഴുവൻ കരുത്തുമെടുത്ത് വയനാട്ടിൽ രാഹുൽ ഗാന്ധിക്കും ഐഎൻഡി സഖ്യത്തിനുമെതിരെ മത്സരിക്കും.

‘‘ഐഎൻഡി മുന്നണിയിലെ രണ്ട് ഘടകകക്ഷികളാണ് വയനാട്ടിൽ പരസ്പരം മത്സരിക്കുന്നത്. അതിൽ ഒരു സ്ഥാനാർഥി മത്സരിക്കേണ്ട ആവശ്യവമേ സത്യത്തിൽ അവിടെയുള്ളൂ. എന്തായാലും ശക്തമായ മത്സരത്തിന് ഞങ്ങൾ അവിടെ തയാറെടുക്കുകയാണ്. വീരകേരള വർമ പഴശി തമ്പുരാന്റെ യുദ്ധം കണ്ടിട്ടുള്ള നാടാണ് വയനാട്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ അതിശക്തമായ പോരാട്ടം നടത്തിയിട്ടുള്ള പഴശി രാജാവിന്റെ മണ്ണിലേക്കാണ് ഞങ്ങൾ ഉജ്വലമായ പോരാട്ടത്തിനായി എത്തുന്നത്.

‘‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയാണ് ഞങ്ങൾക്ക് ഇങ്ങനെയൊരു അവസരം തന്നത്. കേരളത്തിലെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത ഏറിക്കൊണ്ടിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പടയാളി എന്ന നിലയിൽ എനിക്ക് ജനവിശ്വാസം ആർജിക്കാൻ കഴിയുമെന്ന് ഉറപ്പാണ്.

‘‘കഴിഞ്ഞ 5 വർഷം രാഹുൽ ഗാന്ധി വയനാട്ടിൽ ഒരു വിസിറ്റിങ് എംപിയായിട്ടാണ് പ്രവർത്തിച്ചത്. അദ്ദേഹം അവിടുത്തെ ജനങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ല. ഏറെ വികസന പ്രതിസന്ധിയുള്ള ഒരു മണ്ഡലമാണ് വയനാട്. അവിടെ ജനസംഖ്യയിൽ 20 ശതമാനത്തോളം പേർ ആദിവാസി, വനവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവർ ഇന്നും ദുരിതത്തിലാണ്. ആ ജില്ലയ്ക്കായി രാഹുൽ ഗാന്ധി ഒന്നും ചെയ്തിട്ടില്ല. നരേന്ദ്ര മോദി വയനാടിനായി ഒട്ടേറെക്കാര്യങ്ങൾ ചെയ്തു. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല. അദ്ദേഹം ടൂറിസ്റ്റ് വീസയിലെത്തിയതുപോലെ വയനാട്ടിൽ വന്നു പോകാറാണു പതിവ്. 

‘രാഹുൽ ഗാന്ധിയും കുടുംബവും പതിറ്റാണ്ടുകളായി കയ്യിൽവച്ച മണ്ഡലമായിരുന്നു അമേഠി. അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത്? ഇത്തവണ വയനാട്ടിലെ ജനങ്ങളും അതു തന്നെ ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ അവിടേക്കു പോകുന്നത്.’’ – സുരേന്ദ്രൻ പറഞ്ഞു.

English Summary:

K. Surendran Throws Down Gauntlet in Wayanad, Mocks Rahul Gandhi as 'Tourist Visa' MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com