ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
Mail This Article
പാലക്കാട്∙ മംഗലാംകുന്ന് ആനത്തറവാട്ടിലെ ആന മംഗലാംകുന്ന് അയ്യപ്പൻ(55) ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 8.15 നാണ് മരണം. കഴിഞ്ഞ 8 മാസമായി പാദരോഗത്തിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ മദപ്പാട് സമയത്താണ് അസുഖം പിടിപ്പെട്ടത്. ഈ സീസണിലെ ഉത്സവങ്ങളില്ലൊന്നും പങ്കെടുത്തിരുന്നില്ല.
1992 ലാണ് മംഗലാംകുന്നിലെ എം.എ.പരമേശ്വരനും സഹോദരൻ എം.എ.ഹരിദാസനും ബിഹാർ സോൺപൂരിലെ മേളയിൽനിന്നും അയ്യപ്പനെ വാങ്ങുന്നത്. 305 സെന്റിമീറ്റർ ഉയരമുണ്ട്. തൃശൂർ പൂരത്തിലെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ സ്വകാര്യ ഉടമസ്ഥതയിലുള്ള അപൂർവം ആനകളിലൊന്നാണ് അയ്യപ്പൻ. ചെറായി, ചക്കുമലശ്ശേരി ഉത്സവങ്ങളിലെ തലപ്പൊക്ക മത്സരങ്ങളിൽ പല തവണ വിജയിച്ചിട്ടുണ്ട്. നെൻമാറ വല്ലങ്ങിവേല, ചിനക്കത്തൂർ പൂരം, ഉത്രാളികാവ് പൂരം, പരിയാനമ്പറ്റ പൂരം, പറക്കോട്ടുകാവ് താലപ്പൊലി തുടങ്ങിയവയ്ക്ക് നിരവധി വർഷം തിടമ്പേറ്റി. ഗജരാജ വൈസൂര്യ പട്ടം നൽകി അയ്യപ്പനെ ആദരിച്ചിട്ടുണ്ട്.