ADVERTISEMENT

കോട്ടയം∙ വയനാട്ടിൽ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശുഭപ്രതീക്ഷയോടെയാണ് മത്സരിക്കാനിറങ്ങുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയുമായ കെ.സുരേന്ദ്രൻ. ഒരു മണ്ഡലവും അവഗണിക്കരുതെന്ന കർശനമായ തീരുമാനമുണ്ട്. അതിനാലാണ് സംസ്ഥാന അധ്യക്ഷൻ തന്നെ വയനാട്ടിൽ മത്സരിക്കുന്നത്. പോപ്പുലർ ഫ്രണ്ടുമായി സഹകരിച്ചാണ് എൽഡിഎഫ് കേരളത്തിൽ പ്രവർത്തിക്കുന്നത്. പാരമ്പര്യമായി യുഡിഎഫിനു കിട്ടികൊണ്ടിരുന്ന ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ എൻഡിഎയ്ക്ക് ലഭിക്കും. തിരഞ്ഞെടുപ്പിന് ശേഷം മറ്റു പാർട്ടികളിൽ നിന്നും നേതാക്കളുടെ വലിയൊരു ഒഴുക്ക് തന്നെ ബിജെപിയിലേക്ക് ഉണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറയുന്നു. കെ.സുരേന്ദ്രൻ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു...

∙ അൽപം വൈകിയെങ്കിലും വയനാട്ടിലേക്ക് ഇറങ്ങുകയാണ്. ഈ സ്ഥാനാർഥിത്വത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നത് ?

മൂന്നു ദിവസം മുൻപ് എന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതാക്കൾ ചർച്ച നടത്തി. വയനാട്ടിൽ ശക്തമായ മത്സരം വേണ്ടിവരുമെന്നാണ് അവർ പറഞ്ഞത്. പല പേരുകളും ചർച്ച ചെയ്തു. ശേഷം പ്രസിഡന്റ് തന്നെ മത്സരിക്കേണ്ടി വരുമെന്ന് പറഞ്ഞു. 

∙ വാരാണസിയിൽ മോദിക്കെതിരെ പിസിസി അധ്യക്ഷൻ അജയ് റായ് ആണ് മത്സരിക്കുന്നത്. ഇവിടെ രാഹുലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്നു. അങ്ങനെയൊരു തീരുമാനം മനപൂർമാണോ?

അവിടെ കഴിഞ്ഞ തവണയും പിസിസി അധ്യക്ഷൻ തന്നെയാണ് മത്സരിച്ചത്. അതും ഇതുമായി ബന്ധമില്ല.

∙ സംസ്ഥാന അധ്യക്ഷൻ തന്നെ മത്സരിക്കണമെന്ന തീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വം എത്താൻ കാരണമെന്താണ്?

നല്ല മത്സരം എല്ലാ മണ്ഡലങ്ങളിലും കാഴ്ചവയ്ക്കണമെന്നാണ് ‍ഞങ്ങളുടെ തീരുമാനം. ഒരു മണ്ഡലവും അവഗണിക്കരുതെന്ന കർശനമായ തീരുമാനമുണ്ട്. എല്ലായിടത്തും ശക്തമായ മത്സരം വേണമെന്നാണ് മുകളിൽ നിന്നുള്ള തീരുമാനം. നിങ്ങൾ മലപ്പുറത്തും പൊന്നാന്നിയിലും നോക്കൂ. അവിടെയും നല്ല മത്സരമാണ്.

 കെ.സുരേന്ദ്രൻ (ചിത്രം∙ മനോരമ)
കെ.സുരേന്ദ്രൻ (ചിത്രം∙ മനോരമ)


∙ കെ.സുരേന്ദ്രന്റെ സംസ്ഥാന അധ്യക്ഷ പദവി വൈകാതെ കഴിയുമെന്നും വയനാട്ടിൽ മത്സരിച്ചാൽ വലിയ പദവി നൽകാമെന്ന് കേന്ദ്ര നേതൃത്വം ഓഫർ ചെയ്തിട്ടുണ്ടെന്നും വാർത്തകൾ വരുന്നുണ്ടല്ലോ?

അയ്യോ...അടിസ്ഥാനരഹിതമാണ്. ഗോസിപ്പാണ് അതൊക്കെ. ബിജെപിയിൽ അത്തരത്തിലുള്ള യാതൊരു മുൻധാരണകളും ഒരിക്കലും ഉണ്ടാകില്ല. അങ്ങനെയൊരു സംഭവമേയില്ലെന്ന് ഞാൻ ആത്മാർഥമായി പറയുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്നതിനെ കുറിച്ചുള്ള ചർച്ചകളൊന്നുമില്ല. തമിഴ്നാട്ടിലും തെലങ്കാനയിലും ആന്ധ്രയിലും സംസ്ഥാന അധ്യക്ഷന്മാർ മത്സരിക്കുന്നുണ്ട്. ചുരുക്കത്തിൽ കർണാടക ഒഴിച്ചുള്ള തൊട്ടടുത്തെ സംസ്ഥാന അധ്യക്ഷന്മാരെല്ലാം മത്സരിക്കുന്നുണ്ട്.

∙ വയനാട്ടിൽ എൻഡിഎയുടെ പ്രധാന പ്രചാരണവിഷയം എന്തായിരിക്കും?

ഇന്ത്യാ മുന്നണിക്കെതിരെ അതിനു നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിക്കെതിരെയുള്ള ഏക ബദൽ സ്ഥാനാർഥി ഞാൻ മാത്രമാണ്. രണ്ടാമത്തെ കാര്യം വികസനം തന്നെയാണ്. എല്ലാതരത്തിലും രാഹുൽ ഒരു പരാജയപ്പെട്ട എംപിയാണ്. ഉത്തരവാദിത്തത്തോടെ അദ്ദേഹം ഒരിക്കലും അവിടെ പ്രവർ‌ത്തിച്ചിട്ടില്ല. എല്ലാ അവസരങ്ങളുമുണ്ടായിട്ടും എല്ലാ ബന്ധങ്ങളുമുണ്ടായിട്ടും രാഷ്ട്രീയത്തിൽ ഇത്രയും സ്വാധീനമുണ്ടായിട്ടും വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി അദ്ദേഹം യാതൊന്നും ചെയ്തില്ല.

∙ രാഹുൽഗാന്ധിക്കെതിരെ വിജയമാണോ ലക്ഷ്യം അതോ പരമാവധി രാഹുലിന്റെ വോട്ട് കുറയ്ക്കുകയാണോ ലക്ഷ്യം?

വിജയത്തിൽ കുറഞ്ഞൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.ശുഭപ്രതീക്ഷയോടെയാണ് മത്സരിക്കാനിറങ്ങുന്നത്. അവസാനശ്വാസം വരെ വിജയത്തിനു വേണ്ടി പോരാടും

∙ സംസ്ഥാന അധ്യക്ഷൻ വയനാട്ടിൽ കേന്ദ്രീകരിക്കുമ്പോൾ മറ്റ് മണ്ഡലങ്ങളിലെ പ്രചാരണത്തെ ബാധിക്കില്ലേ? 

പ്രചാരണങ്ങൾ കൃത്യമായി തന്നെ എല്ലാ മണ്ഡലങ്ങളിലും ഏകോപിപ്പിക്കും. കൂടുതൽ സമയം വയനാട്ടിലുണ്ടാകും. കുറച്ചുസമയം മറ്റു മണ്ഡലങ്ങളിലുമുണ്ടാകും. ഇത്തവണ മുതിർന്ന നേതാക്കൾ പലരും മത്സരിക്കാതെ നിൽക്കുന്നുണ്ട്. അതുകൊണ്ട് പ്രചാരണങ്ങൾക്ക് തടസമുണ്ടാകില്ല.

∙ ഇത്തവണയും സംസ്ഥാന അധ്യക്ഷന് പ്രചാരണം നടത്താൻ ഹെലികോപ്ടർ ഉണ്ടാകുമോ?

(ചിരിക്കുന്നു) അത് അറിഞ്ഞുകൂടാ. പാർട്ടി കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടത്.

∙ ശരിക്കും 4 മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകിയത് എന്തുകൊണ്ടാണ്? 

പലതരത്തിലുള്ള കാരണങ്ങളുണ്ട്,സാമൂഹികവും രാഷ്ട്രീയവും. എൽഡിഎഫും യുഡിഎഫും കേരളത്തിലെ പ്രബല സമൂഹമായ മത്സ്യത്തൊഴിലാളി വിഭാഗത്തിന് ഒരു സീറ്റ് കൊടുത്തില്ല. സാമൂഹിക നീതി ഉറപ്പുവരുത്താൻ ഞങ്ങൾ ശ്രമിച്ചു. അങ്ങനെയാണ് എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ സ്ഥാനാർഥിയാകുന്നത്. യുഡിഎഫ് ഒരു വനിതയ്ക്കും എൽഡിഎഫ് രണ്ട് വനിതയ്ക്കും മാത്രമാണ് സീറ്റ് നൽകിയത്. ഞങ്ങൾ പാലക്കാട് സരസുവിന് കൂടി സീറ്റ് നൽകിയപ്പോൾ വനിത പ്രാതിനിധ്യം മൂന്നായി. വയനാട്ടിൽ ആനിരാജ ഫെബ്രുവരിയിൽ പ്രചാരണം തുടങ്ങി. പക്ഷെ ഇന്ന് പ്രചാരണം തുടങ്ങുന്ന എനിക്ക് അത് മറികടക്കാൻ പ്രയാസമില്ല. രണ്ട് ദിവസം കൊണ്ട് മറികടക്കും.അതിനുള്ള സംവിധാനം ബിജെപിക്ക് കേരളത്തിലുണ്ട്.

കെ.സുരേന്ദ്രന്‍ നയിച്ച എൻഡിഎ കേരള പദയാത്രയിൽനിന്ന് (Photo courtesy: facebook/KSurendranOfficial)
കെ.സുരേന്ദ്രന്‍ നയിച്ച എൻഡിഎ കേരള പദയാത്രയിൽനിന്ന് (Photo courtesy: facebook/KSurendranOfficial)

∙ മഞ്ചേശ്വരത്തും പത്തനംതിട്ടയിലും വലിയതോതിൽ വോട്ട് വർധിപ്പിച്ചിട്ടുണ്ട് താങ്കൾ. ഇത്തവണ മത്സരിക്കുന്നുണ്ടെങ്കിൽ അവിടെ എവിടെയെങ്കിലുമാണോ ആഗ്രഹിച്ചത്?

നോക്കൂ 89 വോട്ടിനാണ് ഞാൻ മ‍ഞ്ചേശ്വരത്ത് തോറ്റത്. പത്തനംതിട്ടയിൽ പാർട്ടി വോട്ട് മൂന്നു ലക്ഷത്തിനു മുകളിൽ ഉയർത്തിയതാണ്. എന്നാൽ ഇത്തവണ ഞാൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പാർ‌ട്ടി അധ്യക്ഷ സ്ഥാനത്തിരുന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കാനായിരുന്നു ആഗ്രഹം. അതിനു കേന്ദ്ര നേതൃത്വം അനുമതിയും നൽകി. പക്ഷെ രാഷ്ട്രീയമായ ഒരു യുദ്ധം വയനാട്ടിൽ ആവശ്യമാണെന്ന് കണ്ടപ്പോൾ എന്നോട് മത്സരിക്കാൻ പറയുകയായിരുന്നു.

∙ നരേന്ദ്രമോദി കേരളത്തിൽ വരുമ്പോഴൊക്കെ രണ്ടക്കം നേടുമെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. രാഷ്ട്രീയ നിരീക്ഷകർ അതിനെ ചിരിച്ചുതള്ളുകയാണ്. ശരിക്കും ബിജെപിയുടെ ലക്ഷ്യം എത്ര സീറ്റുകളാണ്?         

മോദി 2014ൽ കേവലഭൂരിപക്ഷം നേടുമെന്ന് പറഞ്ഞപ്പോഴൊക്കെ രാഷ്ട്രീയ നിരീക്ഷകർ അത്ഭുതം കൂറിയിരുന്നു. 2019ൽ എല്ലാ നിരീക്ഷകന്മാരും പറഞ്ഞത് രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ്. രാഷ്ട്രീയ നിരീക്ഷകന്മാർക്കൊന്നും താഴെത്തട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല. ഓടുന്ന തോണിക്ക് ഉന്തു കൊടുക്കുന്നവരാണ് അവരൊക്കെ. കേരളത്തിന്റെ ഗതിവിഗതികൾ മനസിലാക്കുന്നതിൽ നിരീക്ഷകന്മാർ പരാജയപ്പെട്ടിരിക്കുകയാണ്. ശക്തമായ അടിയൊഴുക്ക് സംസ്ഥാനത്ത് മോദിക്ക് അനുകൂലമായുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ചുവരെഴുത്ത് ക്യാംപെയ്ൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കാസർകോട് ബാങ്ക് റോഡ് ജംക്‌ഷനിലുള്ള ചുമരിൽ താമര ചിഹ്‍നം പെയിന്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ചുവരെഴുത്ത് ക്യാംപെയ്ൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കാസർകോട് ബാങ്ക് റോഡ് ജംക്‌ഷനിലുള്ള ചുമരിൽ താമര ചിഹ്‍നം പെയിന്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.

∙ കേരളത്തിൽ ഇന്ത്യാ മുന്നണിക്ക് എതിരാണ് മത്സരമെന്ന് പറയുമ്പോഴും ശരിക്കുമുള്ള എതിരാളി എൽഡിഎഫാണോ യുഡിഎഫാണോ?

പല മണ്ഡലങ്ങളിലും വ്യത്യസ്തമാണ് സ്ഥിതി.

പി.സി.ജോർജ്, കെ.സുരേന്ദ്രൻ (മനോരമ ചിത്രം)
പി.സി.ജോർജ്, കെ.സുരേന്ദ്രൻ (മനോരമ ചിത്രം)

∙ പ്രധാനമായും ബിജെപിയും ഫോക്കസ് ചെയ്യുന്ന മണ്ഡലങ്ങളുണ്ടോ? 

അതുകൊണ്ടല്ലെ ഞാൻ വയനാട്ടിൽ മത്സരിക്കുന്നത്. അപ്പോൾ അങ്ങനെയില്ലെന്ന് മനസിലായില്ലേ..നോ ഫോക്കസ്, നോ എ ക്ലാസ്..എല്ലാ മണ്ഡലങ്ങൾക്കും തുല്യപ്രാധാന്യമാണ്. കഴിഞ്ഞതവണ 70000 വോട്ട് കിട്ടിയ മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്നതിന്റെ സന്ദേശം ഒരു മണ്ഡലവും ഞങ്ങൾ അവഗണിക്കുന്നില്ലെന്നാണ്.

∙ കോട്ടയത്ത് തുഷാർ–പി.സി.ജോർജ് തർക്കമൊക്കെ പരിഹരിക്കാൻ സാധിക്കുമോ?

തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസമുണ്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും അതിനുള്ളിൽ പരഹിരിക്കും.

∙ പി.സി.ജോർജ് തലവേദനയായി തുടങ്ങിയോ?

ഞങ്ങളൊരു മഹാസാഗരമാണ്. എല്ലാവരും ലയിച്ചു ചേരുന്ന പ്രസ്ഥാനമാണിത്. അദ്ദേഹം തലവേദനയല്ല.

∙ ഇനിയും മറ്റു പാർട്ടികളിൽ നിന്നും നേതാക്കൾ ബിജെപിയിലേക്ക് വരാനുണ്ടോ?

തിരഞ്ഞെടുപ്പിനു മുൻപ് ഇനിയും നേതാക്കൾ വരും. തിരഞ്ഞെടുപ്പിന് ശേഷം വലിയൊരു ഒഴുക്ക് തന്നെയുണ്ടാകും.

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ എത്തിയപ്പോൾ.ചിത്രം:ജിബിൻ ചെമ്പോല∙മനോരമ
ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ എത്തിയപ്പോൾ.ചിത്രം:ജിബിൻ ചെമ്പോല∙മനോരമ

∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിഎഎയ്ക്കെതിരെ കേരളമെമ്പാടും പ്രതിഷേധ സംഗമങ്ങൾ നടത്തുകയാണ്. സിഎഎയ്ക്കെതിരായ പ്രചാരണം തിരിച്ചടിയാകില്ലേ?

ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പരത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞ് വോട്ടു പിടിക്കാൻ പോയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം വികസനത്തെപ്പറ്റി സംസാരിക്കാത്തത്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചർച്ച ചെയ്യാൻ പിണറായിക്ക് താൽപര്യമില്ല. അതിന് ഏറ്റവും നല്ല ഉപാധി വർഗീയത ആളിക്കത്തിക്കുകയാണ്. 30 ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ട് യുഡിഎഫിൽ നിന്ന് ഇപ്പുറത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മുസ്‌ലിങ്ങൾക്കു വേണ്ടി സംസാരിക്കുന്ന മുഖ്യമന്ത്രി ക്രിസ്ത്യാനികൾക്ക് ഒരു വിഷയം വന്നാൽ മിണ്ടില്ല. റഷ്യയിൽ വലിയൊരു സ്ഫോടനം നടന്നിട്ട് മുഖ്യമന്ത്രി മിണ്ടിയിലല്ലോ. പോപ്പുലർ ഫ്രണ്ടുമായി സഹകരിച്ചാണ് എൽഡിഎഫ് കേരളത്തിൽ പ്രവർത്തിക്കുന്നത്. 

∙ എൽഡിഎഫിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും സിഎഎ,മണിപ്പൂർ വിഷയങ്ങൾ ബിജെപിൽ നിന്നും ന്യൂനപക്ഷങ്ങളെ അകറ്റില്ലേ?

മണിപ്പൂർ വിഷയത്തിന്റെ സത്യവും അസത്യവും ക്രൈസ്തവ സഭകൾക്ക് നല്ല ബോധ്യമുണ്ട്. അത് മതപരമായ വിഷയമല്ലെന്നും ഗോത്രകലാപമാണെന്നും എല്ലാവർക്കുമറിയാം.

∙ ക്രൈസ്തവ സഭകളുടെ പിന്തുണ ബിജെപിക്ക് എത്രത്തോളമുണ്ട്?

ക്രൈസ്തവ സഭകളുടെയും സമൂഹത്തിന്റെയും പിന്തുണ വലിയ തോതിലുണ്ട്. സാധാരണഗതിയിൽ യുഡിഎഫിന് മാത്രമാണ് ക്രൈസ്തവ വിഭാഗത്തിന്റെ വലിയൊരു ശതമാനം വോട്ടും കിട്ടിയിരുന്നത്. കുറച്ചുകാലങ്ങളായി എൽഡിഎഫിന് അതിന്റെ ചെറിയൊരു ശതമാനം കിട്ടുന്നുണ്ട്. ഇത്തവണ എൻഡിഎയ്ക്കും കിട്ടും. അതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.

K Surendran | File Photo: Russell Shahul / Manorama
K Surendran | File Photo: Russell Shahul / Manorama

∙ തിരുവനന്തപുരം പോലുള്ള മണ്ഡലങ്ങളിൽ നഗരമേഖലകളിൽ ബിജെപി ലീഡ് ഉയർത്താറുണ്ടെങ്കിലും തീരദേശ–ഗ്രാമീണ മേഖലകളിലാണ് പിന്നോട്ട് പോകുന്നത്. അതു മറികടക്കാനുള്ള തന്ത്രങ്ങൾ ഇത്തവണയുണ്ടോ?

ഞങ്ങളുടെ ബലഹീനത  തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമം നേരത്തെ ആരംഭിച്ചിരുന്നു. 

∙ മോദി ഗ്യാരന്റിയ്ക്കപ്പുറം പ്രചാരണവിഷയം എന്താണ് കേരളത്തിൽ?

മോദി ഗ്യാരന്റിക്ക് മാത്രമേ കേരളത്തിനെ ഇനി രക്ഷിക്കാനാവുകയുള്ളൂ. അമേഠി നെഹ്റുവിന്റെ നെഹ്റു കുടുംബത്തിന്റെ കുത്തക സീറ്റായിരിക്കുമെന്ന് കരുതി രാഹുൽ ഗാന്ധി അവിടെ വികസനം കൊണ്ടുവന്നില്ല. ഇപ്പോൾ സ്മൃതി ഇറാനി വന്നപ്പോൾ നല്ല വികസനമാണ്. ഇത് വയനാട്ടിലും കേരളത്തിലും ആവർത്തിക്കരുത്.

∙ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചത് പ്രചാരണത്തെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ ബിജെപിയെന്നാണ് ആരോപണം?

കള്ളപ്രചാരണമാണ് അതൊക്കെ. ആദായനികുതി വകുപ്പിനെ വെട്ടിക്കുന്നത് ആരായാലും കുടുങ്ങും. ബിജെപിക്ക് ഇതിൽ ഒരു ബന്ധവുമില്ല. ബന്ധമുണ്ടെങ്കിൽ ഡിഎംകെയെും സിപിഎമ്മിനെയും തൃണമൂൽ കോൺഗ്രസിനെയുമൊക്കെ ഞങ്ങൾ കുടുക്കേണ്ടതല്ലേ. അപ്പോൾ കോൺഗ്രസ് സുതാര്യമല്ലാത്തതാണ് പ്രശ്നം.

∙ ശബരിമല ഇത്തവണ പ്രചാരണവിഷയമാണോ?

സിഎഎ കേസുകൾ പിൻവലിച്ചിട്ടും ശബരിമല കേസുകൾ പിൻവലിച്ചിട്ടില്ല. ഇത് ഇരട്ടനീതിയാണെന്ന് ഞങ്ങൾ പറയും.

∙ കേരളത്തിൽ രണ്ടക്കം നേടുമെന്ന് ബിജെപി ഉറപ്പിച്ച് പറയുന്നു. അങ്ങനെയെങ്കിൽ കേന്ദ്രത്തിൽ മോദി സർക്കാരും വന്നാൽ കേരളത്തിൽ നിന്ന് എത്ര കേന്ദ്രമന്ത്രിമാരെ പ്രതീക്ഷിക്കാം?                     

അത് പ്രധാനമന്ത്രിയുെട വിവേചനാധികാരമാണ്. എനിക്ക് ഇപ്പോൾ പറയാനാകില്ല. എന്നിരുന്നാലും നല്ല പ്രാതിനിധ്യം കേരളത്തിനു കിട്ടും.

∙ സംസ്ഥാന അധ്യക്ഷന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമോ?

വ്യക്തിപരമായി എന്തെങ്കിലും ലാഭനഷ്ടം നോക്കി പ്രവർത്തിച്ചിട്ടില്ല. പാർ‌ട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണ് ഞാൻ. ഏത് ജോലിയും സന്തോഷത്തോടെ ഏറ്റെടുക്കും.ഏറ്റെടുത്ത ജോലി എന്ത് പ്രതിസന്ധിയുണ്ടായാലും കൃത്യമായി നിർവഹിക്കും. അതാണ് ശീലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com