സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളി വാർത്ത തള്ളി സിപിഎം; നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി
Mail This Article
പത്തനംതിട്ട∙ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചില നേതാക്കളുടെ നിസ്സഹകരണത്തെ ചൊല്ലിയുള്ള വിമർശനം കയ്യാങ്കളിയിലെത്തിയെന്ന വാർത്തകൾ തള്ളി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്ത്. പത്തനംതിട്ട മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി ടി.എം. തോമസ് ഐസക്കിന്റെ സ്വീകാര്യത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യാജവാർത്തയെന്ന് അദ്ദേഹം ആരോപിച്ചു. ഈ വ്യാജവാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇടതു സ്ഥാനാർഥി പ്രചാരണത്തിൽ മുന്നേറുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പത്തനംതിട്ടയിൽ സിപിഎം യോഗത്തിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കി. അതേസമയം, യോഗത്തിനു ശേഷം എന്തെങ്കിലും പ്രശ്നമുണ്ടായോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ യോഗം എവിടെ നടത്തണമെന്ന കാര്ത്തിൽ മാത്രമാണ് തർക്കമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽവച്ച് നേതാക്കൾ തമ്മിൽ കയ്യാങ്കളിയുണ്ടായെന്നായിരുന്നു വാർത്തകൾ. ഇന്നലെ രാത്രി പത്തോടെയാണു സംഭവം. എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക്കിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നേതാക്കളിൽ ചിലർ ഉഴപ്പുന്നതായി മുൻ എംഎൽഎ കൂടിയായ നേതാവ് വിമർശനം ഉയർത്തിയിരുന്നു.
യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടയിൽ ഇദ്ദേഹത്തെ പാർട്ടിയുടെ ട്രേഡ് യൂണിയൻ ജില്ലാ നേതാവ് അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. അടിയേറ്റു നിലത്തു വീണ നേതാവ് തിരികെ ഒാഫിസിൽ കയറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നു ഒഴിയുകയാണെന്നു കാണിച്ചു കത്തു നൽകി. സംഭവത്തെക്കുറിച്ചു ജില്ലാ നേതൃത്വത്തിനു പരാതിയും നൽകി. സംഭവം വിവാദമായതോടെയാണ് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ജില്ലാ നേതൃത്വവും മന്ത്രിയും രംഗത്തെത്തിയത്.