ADVERTISEMENT

കോഴിക്കോട് ∙ ‘അച്ഛൻ കൂലിപ്പണിയെടുത്തും അമ്മ പലയിടങ്ങളിൽ വീട്ടുജോലി ചെയ്തുമാണ് ഞങ്ങൾ മൂന്ന് മക്കളെ വളർത്തിയത്. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയപ്പോൾ പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാനാകുമെന്നും മാതാപിതാക്കൾക്കും മകൾക്കും തണലാകാമെന്നും കരുതി. ആ പ്രതീക്ഷയെല്ലാം ഇപ്പോൾ അസ്തമിച്ച പോലെയാണ്’– കേരള പിഎസ്‌സിയുടെ അസിസ്റ്റൻറ് പ്രഫസർ ഇൻ കൊമേഴ്സ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി നീനു പറയുന്നു. പിജി ക്ലാസുകളിലെ അധ്യാപനത്തിനുള്ള വെയ്റ്റേജ് ഒഴിവാക്കുകയും അധിക തസ്തികയ്ക്ക് 16 മണിക്കൂർ അധ്യാപനസമയം നിർബന്ധമാക്കുകയും ചെയ്ത 2020ലെ യുജിസി ഉത്തരവിനെത്തുടർന്ന് അനിശ്ചിതത്വത്തിലാണ് നീനു ഉൾപ്പെടെ നൂറുകണക്കിന് ഉദ്യോഗാർഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നം.

എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും പഠിച്ച് പിഎസ്‌സി ലിസ്റ്റിൽ മികച്ച റാങ്കിലെത്തിയാൽ സുരക്ഷിതമായൊരു സർക്കാർ ജോലി നേടാമല്ലോയെന്ന ആത്മവിശ്വാസമായിരുന്നു 2019ൽ പരീക്ഷയുടെ വിജ്ഞാപനം വരുമ്പോൾ നീനുവിന്റെ മനസിൽ. അന്നുമുതൽ ഉറക്കമിളച്ചിരുന്നു പഠിച്ചു. ഫലം വന്നപ്പോൾ റാങ്ക് പട്ടികയിൽ ഒന്നാംസ്ഥാനത്തുതന്നെ എത്തി. 2023 സെപ്റ്റംബർ 19ന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നതോടെ ഉടൻ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും ആറുമാസമായിട്ടും ഈ ലിസ്റ്റിൽനിന്ന് ഒരാൾക്കുപോലും നിയമനം ലഭിച്ചില്ല. യുജിസി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമതീരുമാനമായിട്ടേ പുതിയ റാങ്ക് ലിസ്റ്റുകളിൽനിന്ന് നിയമനം നടത്തൂവെന്നാണ് കാരണം അന്വേഷിച്ചു ചെന്നപ്പോൾ പിഎസ്‌സി അധികൃതർ പറഞ്ഞത്.

മണാശ്ശേരി മുത്താലം ചാലിശ്ശേരി വീട്ടിൽ ഗോവിന്ദന്റെ മകളായ നീനുവിന്റെ ഏറെനാളത്തെ സ്വപ്നവും പരിശ്രമങ്ങളുമാണ് യുജിസിയുടെ ഒറ്റ ഉത്തരവിന്റെ പേരിൽ തുലാസിൽ നിൽക്കുന്നത്.  ‘മൂന്ന് പെൺകുട്ടികളാണ് ഞങ്ങൾ. ഡിഗ്രി അവസാനവർഷം പഠിക്കുമ്പോൾ വിവാഹം കഴിഞ്ഞെങ്കിലും പഠനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വിവാഹമോചനത്തിലെത്തി. എനിക്ക് ഏഴു വയസുള്ള ഒരു മകളുണ്ട്. ഇപ്പോൾ കോഴിക്കോട് ഫറൂഖ് കോളജിൽ കൊമേഴ്സിൽ പിഎച്ച്ഡി ചെയ്യുകയാണ്. ജെആർഎഫ് നേടിയതുകൊണ്ട് കിട്ടുന്ന സ്റ്റൈപൻഡ് മാത്രമാണ് ഏക വരുമാനം.’–നീനു പറയുന്നു. 

ഉന്നതവിദ്യാഭ്യാസ മന്ത്രി, സിപിഎം പാർട്ടി സെക്രട്ടറി, ധനമന്ത്രി തുടങ്ങിയവരെ കണ്ടിട്ടും എല്ലാവർക്കും ഒരേ മറുപടി തന്നെയാണ് പറയാനുള്ളത്. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി പറയാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ല. പി.ജി. ക്ലാസുകളിലെ ഒരു മണിക്കൂർ അധ്യാപനം ഒന്നരമണിക്കൂറായി കണക്കാക്കണമെന്ന വെയ്റ്റേജ് ഒഴിവാക്കി, ജോലിസമയം 16 മണിക്കൂർ കടക്കാത്ത അധ്യാപകരെ സർക്കാർ എക്‌സസ് ആയി കരുതിക്കൊണ്ട് അസിസ്റ്റൻറ് പ്രഫസർ തസ്തികയ്ക്ക് 16 മണിക്കൂർ വേണം എന്നാണ് ഉത്തരവിൽ പറയുന്നത്. വിവരണാത്മക (ഡിസ്ക്രിപ്റ്റിവ്) പരീക്ഷയാണെഴുതിയത്. പരീക്ഷയും ഡബിൾ വാല്യുവേഷനും അഭിമുഖവും കഴിഞ്ഞ ശേഷം അന്വേഷിച്ചപ്പോഴാണ് ഈ വിവരങ്ങളറിയുന്നത്. ഉത്തരവിൽ വ്യക്തത വരുത്തി നിയമനം നൽകണമെന്നാവശ്യപ്പെട്ട് അന്നുമുതൽ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് നീനു. 2019ൽ വിജ്ഞാപനം വന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2020ലെ ഉത്തരവുപ്രകാരം മരവിപ്പിച്ചു നിർത്തുന്നത് ഇതൊന്നുമറിയാതെ കഠിനാധ്വാനം ചെയ്തു പഠിച്ച് പട്ടികയിൽ ഇടംനേടിയ ഉദ്യോഗാർഥികളോട് ചെയ്യുന്ന അനീതിയാണെന്ന് നീനു പറയുന്നു. നീനുവിനെപ്പോലെ ഒരുപാടുപേരുടെ സ്വപ്നങ്ങളാണ് ഈ ഉത്തരവിൽത്തട്ടി അനിശ്ചിതത്വത്തിലായത്. സാങ്കേതിക പിഴവുകളുള്ള, അധ്യാപകരുടെ ജോലിഭാരം വർധിപ്പിക്കുകയും പുതിയ നിയമനങ്ങൾ തടയുകയും ചെയ്യുന്ന ഉത്തരവിനെതിരെ തുടക്കംമുതൽ വലിയ പ്രതിഷേധമുയർന്നിരുന്നു.

English Summary:

Despite topping the PSC rank list, Kozhikode Manassery native Neenu did not get a job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com