486 ദിവസമായി പൂട്ടിക്കിടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറന്നു
Mail This Article
കൊച്ചി∙ കുർബാന തർക്കത്തെത്തുടർന്നു 486 ദിവസമായി പൂട്ടിക്കിടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക കുർബാന ഒഴികെയുള്ള ശുശ്രൂഷകൾക്കായി തുറന്നു. കുർബാന ഒഴികെയുള്ള ചടങ്ങുകൾക്കു ബസിലിക്ക തുറക്കാമെന്നുള്ള മുൻസിഫ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പള്ളി തുറന്നത്. ഈസ്റ്റർ ദിനത്തിൽ സിനഡ് നിർദേശിച്ച കുർബാന അർപ്പിക്കാൻ ഇരു കക്ഷികൾക്കും മധ്യസ്ഥ ശ്രമം തുടരാമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. അനിൽ ജോസഫ്, സിബിച്ചൻ സെബാസ്റ്റ്യൻ, പി.എ.ഗോഡ്ഫ്രൈ, ബേബി ജോസഫ്, എൻ.വി.തോമസ് എന്നിവർ സമർപ്പിച്ച ഹർജിയിലാണു മുൻസിഫ് ജി.പദ്മകുമാറിന്റെ വിധി.
ബസിലിക്ക റെക്ടർ ഫാ.പോൾ മണവാളന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ബസിലിക്കയിൽ ആരാധനയും ജപമാലയും കുരിശിന്റെ വഴി പ്രാർഥനയും നടത്തി. ഏതാനും വിശ്വാസികളും പങ്കാളികളായി. കുർബാനയൊഴികെയുള്ള എല്ലാ ശുശ്രൂഷകളും ദേവാലയത്തിൽ ഉണ്ടാകുമെന്നു റെക്ടർ അറിയിച്ചു.
വിശുദ്ധവാരത്തിന്റെ ഭാഗമായി ബുധനാഴ്ച ബസിലിക്കയിൽ കുമ്പസാരം ഉണ്ടാകും. അഖണ്ഡ ജപമാലയും ആരാധനയും വൈകിട്ട് കുരിശിന്റെ വഴി പ്രാർഥനയും ഉണ്ടാവും. പെസഹാ വ്യാഴത്തിൽ രാവിലെ ആരാധനയും അപ്പംമുറിക്കൽ ശുശ്രൂഷയും ബസിലിക്കയിൽ നടക്കും. കാൽകഴുകൽ ശുശ്രൂഷ നടത്താനാവുമോ എന്നു അതിരൂപതാ അധികൃതരുടെ അനുമതി തേടിയിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ പൂർണമായും ബസിലിക്കയിലാവും. ഉയിർപ്പു തിരുനാളിന് ഉയിർപ്പു കർമങ്ങൾ ബസിലിക്കയിലും കുർബാന ബസിലിക്കയ്ക്കു മുന്നിലെ ആരാധനാ ചാപ്പലിലോ വിവിധ കേന്ദ്രങ്ങളിലുള്ള സെന്ററുകളിലോ നടത്താനാണ് ആലോചന.