മാസം 10,000 രൂപ വാഗ്ദാനം, ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടം ലക്ഷങ്ങൾ; യുവാവിനെ ബന്ദിയാക്കിയവർ പിടിയിൽ
Mail This Article
എടവണ്ണ (മലപ്പുറം) ∙ ഓൺലൈൻ ട്രേഡിങ്ങിൽ അമിതലാഭം പ്രതീക്ഷിച്ച് ലക്ഷങ്ങൾ നിക്ഷേപിക്കുകയും പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവിനെ തടവിലാക്കി വിലപേശുകയും ചെയ്ത 5 പേർ അറസ്റ്റിൽ. എടവണ്ണ ഐന്തൂർ സ്വദേശികളായ മണ്ണിൽക്കടവൻ അജ്മൽ (37), താനിയാട്ടിൽ ഷറഫുദ്ദീൻ (46), പത്തപ്പിരിയം സ്വദേശി ചെറുകാട് അബൂബക്കർ (52), കണ്ടാലപ്പറ്റ സ്വദേശി വലിയ പീടിയേക്കൽ ഷറഫുദ്ദീൻ (43), ഷറഫുദ്ദീന്റെ തടിമില്ലിലെ ജീവനക്കാരൻ കണ്ടാലപ്പറ്റ വലിയപറമ്പിൽ വിപിൻദാസ് (36) എന്നിവരെയാണ് എടവണ്ണ സബ് ഇൻസ്പെക്ടർ അബ്ദുൽ അസീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
കാളികാവ് ഐലാശ്ശേരി സ്വദേശിയായ 24 വയസ്സുകാരൻ, ഓൺലൈൻ ഷെയർ മാർക്കറ്റ് ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം നേടിയെടുക്കാമെന്ന് പറഞ്ഞ് പ്രതികളിൽനിന്നും ലക്ഷങ്ങൾ നിക്ഷേപം വാങ്ങിയിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 10,000 രൂപയാണ് വാഗ്ദാനം ചെയ്തത്. ആദ്യമാസങ്ങളിൽ ലാഭവിഹിതം കൃത്യമായി നൽകി. പിന്നീട് പണം ലഭിക്കാതെയായപ്പോൾ പ്രതികൾ നിക്ഷേപസംഖ്യ ആവശ്യപ്പെട്ടു യുവാവിനെ സമീപിച്ചു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറി. ഇതോടെ പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടു വന്ന് തടങ്കലിലാക്കാൻ പദ്ധതി തയാറാക്കി. ബിസിനസ് സംസാരിക്കാനാണെന്ന് പറഞ്ഞ് യുവാവിനെ അജ്മലിന്റെ ഐന്തൂരിലേക്കുള്ള വീട്ടിലേക്കു വിളിച്ചുവരുത്തി.
26ന് രാത്രി അജ്മലിന്റെ വീട്ടിലെത്തിയ പ്രതികൾ യുവാവിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും കൈവശപ്പെടുത്തി മുറിയിൽ പൂട്ടിയിട്ടു. താൻ സുഹൃത്തിന്റെ വീട്ടിലാണെന്നും സുരക്ഷിതനാണെന്നും പറഞ്ഞ് വീട്ടിലേക്ക് വിളിപ്പിച്ചു. യുവാവിൽനിന്നും പണം ലഭിക്കാതെയായപ്പോൾ പ്രതികൾ ഫോണിൽ നിന്നും ബന്ധുക്കളെ വിളിച്ച് സമ്മർദം ചെലുത്തി. യുവാവ് കസ്റ്റഡിയിലാണെന്നും വിട്ടുകിട്ടണമെങ്കിൽ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതിനായി രാത്രി വണ്ടൂരിലേക്ക് വരാനും പറഞ്ഞു. യുവാവിന്റെ പിതാവും സഹോദരീ ഭർത്താവുൾപ്പെടെയുള്ള ബന്ധുക്കളും വണ്ടൂരിലെത്തിയപ്പോൾ പ്രതികൾ മറ്റൊരു സ്ഥലത്തേക്ക് വരാനാവശ്യപ്പെട്ടു. പരിഭ്രാന്തരായ ബന്ധുക്കൾ വണ്ടൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം, വണ്ടൂർ പൊലീസും എടവണ്ണ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിൽ രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിൽ എടുത്തു. അബൂബക്കറിന്റെ സഹോദരന്റെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ താമസിപ്പിച്ച യുവാവിനെ പുലർച്ചെ അഞ്ചരയോടെ കണ്ടെത്തിയപ്പോഴാണു ബന്ധുക്കൾക്കും പൊലീസിനും ആശ്വാസമായത്. പൊലീസ് അജ്മലിന്റെ വീട്ടിലെത്താൻ സാധ്യതയുണ്ടെന്നറിഞ്ഞ പ്രതികൾ കഴിഞ്ഞദിവസം രാത്രി കണ്ടാലപ്പറ്റ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിലേക്കും, അവിടെനിന്നും അബൂബക്കറിന്റെ സഹോദരന്റെ വീട്ടിലേക്കും യുവാവിനെ മാറ്റുകയായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തയാറെടുക്കുമ്പോഴേക്കും സ്ഥലത്തെത്തിയ പൊലീസ് വീടുവളഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
യുവാവിന്റെ പരാതിപ്രകാരം പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. സംഘം ചേർന്ന് തട്ടികൊണ്ടു പോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ യുവാവിനെ സുരക്ഷിതമായി രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് പൊലീസും ബന്ധുക്കളും. പലരിൽ നിന്നായി 5 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ അജേഷ് കുമാർ, എസ്ഐ അബ്ദുൽ സമദ്, സിപിഒ വിനീഷ്, എടവണ്ണ സ്റ്റേഷനിലെ എസ്ഐ അബ്ദുൽ അസീസ്, എഎസ്ഐ സുനിത, സിപിഒ ഷബീർ, സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ സലീം, എൻ.പി.സുനിൽ, ആശിഫ് അലി, നിബിൻദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.