വനം വകുപ്പ് ഓഫിസ് വളപ്പില്‍ കഞ്ചാവ് കൃഷി: 18ന് തന്നെ ഡിഎഫ്ഒയെ വാട്സാപ്പില്‍ അറിയിച്ചു
Mail This Article
കോട്ടയം ∙ വനം വകുപ്പ് ഓഫിസ് വളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതായുള്ള അന്വേഷണ റിപ്പോര്‍ട്ട് വിവാദത്തില്‍ വീണ്ടും വഴിത്തിരിവ്. സംഭവം നടന്ന് രണ്ടാം ദിവസം തന്നെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍. രാജേഷിന് എരുമേലി റേഞ്ച് ഓഫിസര്‍ ബി.ആര്‍.ജയനും സംഘവും കഞ്ചാവ് ചെടികള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നതിന്റെയും കഞ്ചാവ് ചെടികള്‍ ഇവിടെ നിന്നതിന്റെയും ചിത്രങ്ങളും സന്ദേശവും അയച്ചിരുന്നു. കഴിഞ്ഞ 18ന് ഡിഎഫ്ഒയ്ക്ക് ചിത്രങ്ങളും സന്ദേശവും അയച്ചതിന്റെ വാട്‌സാപ് സ്‌ക്രീന്‍ ഷോട്ടുകള്‍ മനോരമ ഓണ്‍ലൈന്‍ പുറത്തുവിടുന്നു.
കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത് സംബന്ധിച്ച് ലഭിച്ച തെളിവു വിശദീകരിക്കുന്ന വാട്‌സാപ് സന്ദേശവും ഇതിനൊപ്പം റേഞ്ച് ഓഫിസര്‍ അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം സിസിഎഫ് ഓഫിസില്‍ വനംവകുപ്പ് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ നടത്തിയ തെളിവെടുപ്പില്‍ ഈ രേഖകള്‍ തെളിവായി സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 16 ന് ആണ് റേഞ്ച് ഓഫിസര്‍ ആയിരുന്ന ബി.ആര്‍. ജയന് പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ടു തയാറാക്കിയിരുന്നു. എന്നാല്‍ മറ്റൊരു പരാതിയില്‍ ജയനെ ഇവിടെ നിന്ന് 20ന് സ്ഥലം മാറ്റിയ ശേഷം 21ന് ആണ് ഈ അന്വേഷണ റിപ്പോര്‍ട്ട് ഇ–മെയില്‍ വഴി അയച്ചതെന്നാണ് ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 16ന് നടന്ന പരിശോധനയ്ക്ക് പിന്നാലെ ഈ വിവരം ഡിഎഫ്ഒയെ ഫോണില്‍ അറിയിച്ചതായി ജയന്‍ പറയുന്നു.
നടപടി വൈകിയതോടെ 18ന് പരിശോധനയുടെ ചിത്രങ്ങളും ഇത് സംബന്ധിച്ച ശബ്ദ സന്ദേശവും വീണ്ടും അയയ്ക്കുകയായിരുന്നു. ഇത് അന്നുതന്നെ ഡിഎഫ്ഒ കണ്ടതായും വാട്‌സാപ് സ്‌ക്രീന്‍ ഷോട്ടുകളില്‍ വ്യക്തമാണ്. 18ന് ഉച്ചയ്ക്ക് 12.18നും ഒരു മണിക്കും ഇടയ്ക്ക് 6 ചിത്രങ്ങളും 49 മിനിറ്റുള്ള ശബ്ദ സന്ദേശവും കഞ്ചാവ് ചെടികള്‍ നിന്നതായുള്ള ചിത്രങ്ങളുമാണ് കൈമാറിയിട്ടുള്ളത്. കഴിഞ്ഞ 16ന് ഓഫിസ് വളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത് സംബന്ധിച്ച് റേഞ്ച് ഓഫിസര്‍ പ്ലാച്ചേരി റേഞ്ച് ഓഫിസിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസറുമായി ഫോണില്‍ സംസാരിക്കുന്നതിന്റെയും വിശദീകരണം തേടുന്നതിന്റെയും ശബ്ദരേഖ മനോരമ ഓണ്‍ലൈന്‍ പുറത്തു വിട്ടിരുന്നു.
വനം വകുപ്പ് ഓഫിസ് വളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 16നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് റേഞ്ച് ഓഫിസര്‍ അറിയിച്ചത്. ഇതിനു പിന്നാലെ മറ്റു ജീവനക്കാര്‍ നല്‍കിയ തൊഴില്‍പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫിസറെ സ്ഥലം മാറ്റിയതോടെയാണ് സംഭവം വിവാദമായത്. റേഞ്ച് ഓഫിസറുടെ റിപ്പോര്‍ട്ട് ഡിഎഫ്ഒ തള്ളുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയിട്ടില്ലെന്നും താല്‍ക്കാലിക ജീവനക്കാരനായ വനംവാച്ചര്‍ വളര്‍ത്തിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നശിപ്പിച്ചുകളഞ്ഞിരുന്നതാണെന്നും ഡിഎഫ്ഒ പറയുന്നു. റേഞ്ചറുടെ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയത് 21ന് ആണെന്നും സ്ഥലം മാറ്റ നടപടിക്കു ശേഷം 16 എന്ന തീയതി വച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നും ഡിഎഫ്ഒ വിശദീകരിച്ചിരുന്നു.