ADVERTISEMENT

പത്തനംതിട്ട∙ പട്ടാഴിമുക്കിലെ കാർ അപകടത്തിൽ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഹക്കിം. ഒരു ഫോൺകോൾ വന്ന ശേഷമാണ് ഹാഷിം വീട്ടിൽ നിന്നിറങ്ങിയത്. ഉടൻ മടങ്ങിവരാമെന്നാണു വീട്ടിൽ നിന്നിറങ്ങുമ്പോൾ പറഞ്ഞത്. പിന്നീട് കേൾക്കുന്നത് അപകടവാർത്തയാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്നും ഹക്കിം പറഞ്ഞു.

നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും (36) ചാരുംമൂട് സ്വദേശി ഹാഷിമും (31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും സൗഹൃദം ബന്ധുക്കൾ അറിയുകയും കുടുംബപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. സ്‌കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

അനുജയും സംഘവും വന്ന വാഹനത്തിനു പിന്നാലെ ഹാഷിം കാറുമായെത്തി. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറിൽ നിന്നും ഇറങ്ങിയ ഹാഷിം, അനുജ അടക്കമുള്ള അധ്യാപകർ‌ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ആദ്യം ഹാഷിമിനൊപ്പം പോവാൻ അനുജ തയാറായില്ല. തന്റെ കൊച്ചച്ചന്റെ മകനാണ് ഹാഷിം എന്നാണ് മറ്റ് അധ്യാപകരോട് അനുജ പറഞ്ഞത്. 

വിളിച്ചപ്പോള്‍ ഇറങ്ങിച്ചെല്ലാതിരുന്നതോടെ ഹാഷിം ആക്രോശിച്ച് വാഹനത്തിലേക്ക് കയറിയെന്നാണ് അധ്യാപകർ പൊലീസിന് നൽകിയ മൊഴി. ഇതോടെ അധ്യാപകരും ഇടപെടാൻ തുടങ്ങി. വിഷയം വഷളാകുമെന്ന് കണ്ടതോടെ അനുജ വാഹനത്തിൽ നിന്നിറങ്ങി ഹാഷിമിനൊപ്പം കാറിൽ പോവുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് ഞങ്ങൾ മരിക്കാൻ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. ബസിൽ നിന്നിറങ്ങി കാറിൽ കയറിയ അനുജയെ ഫോണിൽ വിളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു. 

സംഭവം അനുജയുടെ ഭർത്താവിനെയും പിതാവിനെയും അധ്യാപകർ അറിയിച്ചു. അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കാനും അങ്ങോട്ടേക്ക് എത്താമെന്നും ഇരുവരും അധ്യാപകരോട് പറഞ്ഞു. തുടർന്ന് ഇവർ നൂറനാട് പൊലീസ് സ്റ്റേഷൻ വഴി അടൂർ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. പിന്നീട് അറിയുന്നത് ഇരുവരുടെയും അപകട മരണവാർത്തയാണ്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗത്തിലെത്തിയ കാര്‍ കണ്ടെയ്നർ ലോറിയിലേക്ക് ഹാഷിം ഇടിച്ചുകയറ്റിയത്.

English Summary:

Hashim's father says he doesn't know Anuja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com