ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു
Mail This Article
പത്തനംതിട്ട∙ പട്ടാഴിമുക്ക് കാർ അപകടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർണായകമായേക്കാവുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറിൽനിന്ന് ഇറങ്ങിവന്ന ഹാഷിം അനുജ അടക്കമുള്ള അധ്യാപകർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം ഹാഷിമിനൊപ്പം പോവാൻ അനുജ തയാറായിരുന്നില്ല. തന്റെ കൊച്ചച്ചന്റെ മകനാണ് ഹാഷിം എന്നാണ് അനുജ വാഹനത്തിലുണ്ടായ മറ്റ് അധ്യാപകരോട് പറഞ്ഞത്.
വിളിച്ചപ്പോള്‍ ഇറങ്ങി ചെല്ലാതിരുന്നതോടെ ഹാഷിം ആക്രോശിച്ച് വാഹനത്തിലേക്ക് കയറിയെന്നാണ് അധ്യാപകർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതോടെ അധ്യാപകരും ഇടപെടാൻ തുടങ്ങി. വിഷയം വഷളാകുമെന്ന് കണ്ടതോടെ അനുജ വാഹനത്തിൽ നിന്നിറങ്ങി ഹാഷിമിനൊപ്പം കാറിൽ പോവുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് തങ്ങൾ മരിക്കാൻ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. അനുജയെ ഫോണിൽ വിളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു.
തുമ്പമൺ ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് അനുജ. അനുജയും ഹാഷിമും സുഹൃത്തുക്കളായിരുന്നു. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗതയിലെത്തിയ കാര്‍ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറിയത്. നൂറനാട് സ്വദേശിയാണ് അനുജ. ഹാഷിം ചാരുമൂട് സ്വദേശിയാണ്.