ബംഗാളിൽ ചുഴലിക്കാറ്റിൽ 4 മരണം, നൂറിലേറെ പേർക്ക് പരുക്ക്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ
Mail This Article
കൊൽക്കത്ത ∙ ബംഗാളിലെ വടക്കന്‍ ജില്ലയായ ജൽപായ്ഗുഡിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നാലു പേർ മരിച്ചു. ജൽപായ്ഗുഡി സ്വദേശികളായ ബിജേന്ദ്ര നാരായൺ സർക്കാർ (52), അനിമ റോയ് (49), മൈനാഗുരി സ്വദേശികളായ ജോഗൻ റോയ് (72), സമർ റോയ് (64) എന്നിവരാണ് മരിച്ചത്. നൂറിലേറെ പേർക്ക് പരുക്കേറ്റു. കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് വീടുകൾ തകരുകയും വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ബംഗാളിനു പുറമെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പുർ എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തു. അപകടങ്ങൾ ഒഴിവാക്കാൻ ജില്ലയിലാകെ വൈദ്യുതി വിതരണം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. നാട്ടുകാരുടെ മരണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നും അവര്‍ വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരം നൽകും.
അസമിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തില്‍ ഉൾപ്പെടെ കേടുപാടുകള്‍ സംഭവിച്ചു. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിമാനയാത്ര നിര്‍ത്തിവച്ചു. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളില്‍ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍, മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറം സംസ്ഥാനങ്ങള്‍ക്കായിരുന്നു മുന്നറിയിപ്പ്.
രാജ്ഭവനിൽ എമർജൻസി സെൽ
ചുഴലിക്കാറ്റിനെ നേരിടാൻ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ് രാജ്ഭവനിൽ എമർജൻസി സെൽ രൂപീകരിച്ചു. ഡൽഹിയിലെ ദുരന്തനിവാരണ അതോറിറ്റിയുമായി ഗവർണർ ബന്ധപ്പെടുന്നുണ്ട്. പ്രതിരോധ - രക്ഷാപ്രവർത്തനം ശക്തിപ്പെടുത്താൻ അദ്ദേഹം ദുരന്തനിവാരണ സേനയോട് അഭ്യർഥിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ജൽപായ്ഗുഡിയിൽ ക്യാംപ് ചെയ്യുന്ന ഗവർണർ സംഭവസ്ഥലങ്ങളും ഇരകളുടെ വീടുകളും സന്ദർശിക്കും.