ADVERTISEMENT

ഹൈദരാബാദ്∙ വിശാഖപട്ടണത്ത് കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു കുടുംബത്തെ അറിയിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി കുടുംബത്തെ തനിക്കുണ്ടായ ദുരനുഭവം അറിയിച്ചിരുന്നു. കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നും പീഡിപ്പിച്ചവര്‍ ഫോട്ടോ എടുത്തുവെന്നും പെണ്‍കുട്ടി അറിയിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കോളജ് അധികൃതര്‍ക്കോ പൊലീസിനോ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. 

കോളജില്‍ മറ്റു പെണ്‍കുട്ടികളും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു സഹോദരിക്കുള്ള സന്ദേശത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കി. 'ക്ഷമിക്കണം ചേച്ചി, എനിക്കു പോകണം' എന്നു സന്ദേശം അവസാനിപ്പിച്ച ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. വിശാഖപട്ടണത്തെ പോളിടെക്‌നിക്കിലാണ് ആന്ധ്രാ സ്വദേശിയായ പെണ്‍കുട്ടി പഠിച്ചിരുന്നത്. 

പെണ്‍കുട്ടിയെ കാണാനില്ലെന്നു കോളജില്‍നിന്ന് വ്യാഴാഴ്ച രാത്രി 10 മണിക്കു വീട്ടില്‍ അറിയിച്ചു. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.50ന് കുടുംബത്തോടു പ്രതികരിച്ച പെണ്‍കുട്ടി ആരും വിഷമിക്കേണ്ടെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് ഞാന്‍ പോകുന്നതെന്നു പറയാന്‍ കഴിയില്ല. പറഞ്ഞാലും നിങ്ങള്‍ക്കു മനസിലാകില്ല. എന്നെക്കുറിച്ചു മറന്നേക്കൂ. എനിക്കു ജന്മം നല്‍കിയതിന് അച്ഛനോടും അമ്മയോടും നന്ദിയുണ്ട്. എന്റെ ജീവിതം അവസാനിക്കുകയാണ്. ക്ഷമിക്കണം ചേച്ചീ, നിങ്ങളെയെല്ലാം വിഷമിപ്പിച്ചതിന്, എനിക്കു പോയോ മതിയാവൂ - പെണ്‍കുട്ടി സന്ദേശത്തില്‍ കുറിച്ചു. 

പൊലീസില്‍ പരാതി നല്‍കിയതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മകള്‍ മരിച്ചത് എന്തിനെന്ന് അറിയണം. ആവോളം സ്‌നേഹം നല്‍കിയാണ് അവളെ വളര്‍ത്തിയത്. പത്താം ക്ലാസില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു. മികച്ച വിദ്യാഭ്യാസം നല്‍കാനാണ് കോളജില്‍ അയച്ചതെന്നും പിതാവ് പറഞ്ഞു. അതേസമയം പെണ്‍കുട്ടി കഴിഞ്ഞിരുന്ന ഹോസ്റ്റലിലേക്ക് പുരുഷന്മാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്ത്രീ വാര്‍ഡന്മാരാണുള്ളത്. അതുകൊണ്ടുതന്നെ ലൈംഗിക പീഡനത്തിനുള്ള സാധ്യതയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കോളജിലെ മറ്റു കുട്ടികളെ ചോദ്യം ചെയ്യുകയാണ്.

English Summary:

Teen Alleges Sex Assault, Jumps Off College Building In Visakhapatnam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com